കാസർഗോഡ് ഗവ. മെഡിക്കൽ കോളജിലേക്കുള്ള റോഡ് തകർന്നു
1571777
Tuesday, July 1, 2025 12:58 AM IST
ബദിയടുക്ക: മഴക്കാലം തുടങ്ങി അധികനാൾ കഴിയുംമുമ്പേ ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാനപാതയിൽ അങ്ങിങ്ങ് ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു. കഷ്ടിച്ച് മൂന്നുവർഷം മുമ്പ് കിഫ്ബി പദ്ധതിയിൽ 37 കോടി രൂപ ചെലവിട്ട് നവീകരിച്ച റോഡാണിത്. ദേശീയപാതയിലെ ചെർക്കളയിൽ നിന്ന് തിരിഞ്ഞ് നിർദിഷ്ട കാസർഗോഡ് ഗവ. മെഡിക്കൽ കോളജിലേക്ക് പോകേണ്ടത് ഈ റോഡിലൂടെയാണ്.
മെഡിക്കൽ കോളജിൽ ഈ വർഷം പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കൽ കൗൺസിലിൽ നിന്നുള്ള സംഘം പരിശോധനയ്ക്കെത്താനിരിക്കേയാണ് റോഡ് തകർന്നത്. പലയിടങ്ങളിലും ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികളിൽ വെള്ളംനിറഞ്ഞ് ആഴംപോലും തിരിച്ചറിയാനാകാത്ത നിലയിലാണ്.
കാടമന മുതൽ പള്ളത്തടുക്ക വരെയുള്ള ഭാഗത്ത് റോഡ് പാടേ തകർന്നു. ഈ ഭാഗം പിന്നിട്ടാണ് മെഡിക്കൽ കോളജ് കെട്ടിടം സ്ഥിതിചെയ്യുന്ന ഉക്കിനടുക്കയിലെത്തേണ്ടത്. മെഡിക്കൽ കോളജിന് അംഗീകാരം ലഭിച്ച് ക്ലാസുകൾ തുടങ്ങിയാൽ ഇതേ റോഡിലൂടെ 30 കിലോമീറ്ററോളം സഞ്ചരിച്ചാണ് വിദ്യാർഥികൾ മെഡിക്കൽ കോളജ് ആശുപത്രിയായി നിശ്ചയിച്ചിട്ടുള്ള കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തേണ്ടത്.
കാസർഗോഡ് നിന്ന് ബംഗളൂരുവിലേക്കുള്ള ദീർഘദൂര യാത്രക്കാരുൾപ്പെടെ ഉപയോഗിക്കുന്ന റോഡിനെ എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അതേസമയം നവീകരണം നടത്തി ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ റോഡ് തകർന്നതിനെതിരെയും ആക്ഷേപങ്ങളുയർന്നിട്ടുണ്ട്.