ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ പടങ്ങൾ നീക്കണമെന്ന് ബിജെപി-സിപിഎം അംഗങ്ങൾ
1571504
Monday, June 30, 2025 12:55 AM IST
കുമ്പള: പഞ്ചായത്തിനു കീഴിൽ കുമ്പള-ബദിയടുക്ക റോഡ് ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെന്ന നിലയിൽ തങ്ങളുടെ പടങ്ങൾ സ്ഥാപിച്ചത് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒൻപത് അംഗങ്ങളും ഏക സിപിഎം അംഗവും പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്കി.
തങ്ങളുടെ അനുമതിയില്ലാതെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തങ്ങളുടെ പടങ്ങൾ സ്ഥാപിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ദുരുപയോഗം ചെയ്തുകൊണ്ടാണ് കുമ്പള-ബദിയടുക്ക റോഡിൽ നാല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതെന്നും നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായുമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പുമായി രംഗത്തെത്തിയത്.
പുതിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട് ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ പാളിപ്പോവുകയും ചെയ്തിരുന്നു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണ കരാർ ഏറ്റെടുത്തത് പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫിന്റെ ഭർത്താവ് കെ.വി. യൂസഫായിരുന്നു.
ഇതിന്റെ ബില്ലുകൾ പാസാക്കാത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെത്തി ബഹളം വച്ചതിന് സെക്രട്ടറിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം യൂസഫിനെതിരെ കേസെടുത്തിരുന്നു.