ചെമ്പക്കാട് പട്ടികവര്‍ഗ ഉന്നതിയിൽ എല്ലാവർക്കും വീടായി
1571506
Monday, June 30, 2025 12:55 AM IST
ബേഡകം: സന്തോഷം പറഞ്ഞാല്‍ തീരൂല..നന്ദിയും. പുതിയ വീട്ടിലേക്ക് മാറാല്ലോ.. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഗ്രാമ വികസന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട് പുതിയ വീടിന്റെ പണി അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ചെമ്പക്കാട് ഉന്നതിയിലെ പള്ളിച്ചിയുടെ വാക്കുകളാണിത്.
രണ്ടു ആണ്മക്കളും മൂത്ത മകന്റെ ഭാര്യയും മക്കളുമടങ്ങുന്നതാണ് പള്ളിച്ചിയുടെ കുടുംബം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്ന് പട്ടികവര്‍ഗ വികസന വകുപ്പ്, ബേഡഡുക്ക പഞ്ചായത്തിന്റെ സഹായത്തോടെ ഭൂമി ഏറ്റെടുത്ത് നല്കിയത്തില് ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ മൂത്ത മകന്റെ വീട്ടിലാണ് പള്ളിച്ചിയും ഇളയ മകന് രാജുവും നിലവില്‍ താമസിക്കുന്നത്.
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന 13 വീടുകളുടെയും റോഡിന്റെയും ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തോടടുക്കുകയാണ്. അതില്‍ ഒരു വീട് പള്ളിച്ചിക്കും കുടുംബത്തിനുമാണ്. പൂര്‍ത്തീകരണ ഘട്ടത്തില്എത്തിനില്ക്കുന്ന വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ഇവരും മരപ്പണിക്കാരനായ മകന് രാജുവും.
പട്ടികവര്‍ഗവിഭാഗത്തില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന വിഭാഗമായ മലവേട്ടുവ വിഭാഗത്തില്‍പ്പെട്ട 38 കുടുംബങ്ങള്‍ അധിവസിക്കുന്ന ഉന്നതിയാണ് ചെമ്പക്കാട് പട്ടികവര്‍ഗ ഉന്നതി. ബേഡഡുക്ക പഞ്ചായത്തിലെ പട്ടികവര്‍ഗ ഉന്നതികളില്‍ ഏറ്റവും പിന്നാക്കം നിന്നിരുന്ന ഉന്നതിയായിരുന്നു ചെമ്പക്കാട്.
നിലവില്‍ പട്ടികവര്‍ഗക്കാരുടെ സമഗ്രവികസനത്തിനായി ഓരോ നിയമസഭാ മണ്ഡലത്തിലും എംഎല്‍എ നിര്‍ദേശിക്കുന്ന, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവിക്കുന്ന ഉന്നത്തികളില് വകുപ്പ് നടപ്പിലാക്കി വരുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ ചെമ്പക്കാട് ഉന്നതിയില്‍ നടക്കുന്ന ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.
ഉന്നതിയിലെ 19 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ നേരത്തെ ഭൂമി ഏറ്റെടുത്ത് നല്‍കുകയും ലൈഫ് മിഷനിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. അവശേഷിക്കുന്ന കുടുംബങ്ങളില്‍ വീടില്ലാത്ത 13 കുടുംബങ്ങള്‍ക്ക് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയിയുടെ ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളിലൂടെ അനുവദിച്ച വീടുകളുടെ അവസാനഘട്ട പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
ഇത് കൂടാതെ രണ്ട് വീടുകളുടെ നവീകരണവും റോഡ് നിര്‍മാണവും പദ്ധതിയുടെ ഭാഗമായി ഉന്നതിയില്‍ നടക്കുന്ന വികസന പ്രവത്തനങ്ങളില്‍ പെടുന്നു.
ഓഗസ്റ്റ് മാസത്തോടെ ഉന്നതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കാസര്‍ഗോഡ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീരേന്ദ്രകുമാര്‍ പറഞ്ഞു.