കോലുവള്ളി കമ്പിപ്പാലത്തിന്റെ പലക തകർന്നു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1571386
Sunday, June 29, 2025 7:12 AM IST
പാലാവയൽ: കാലങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന കോലുവളളി കമ്പിപ്പാലത്തിന്റെ പലക തകർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട യുവതി പുഴയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുനയംകുന്നിലെ ആനകുത്തിയിൽ സുനു ആണ് കഴിഞ്ഞദിവസം രാത്രി കുലംകുത്തിയൊഴുകുന്ന പുഴയിൽ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്.
മകളെ ചെറുപുഴയിലെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. കാലെടുത്തുവയ്ക്കുമ്പോൾ പാലത്തിന്റെ പലക തകർന്നെങ്കിലും അതിനിടയിൽ പാലത്തിന്റെ കമ്പിയിൽ പിടുത്തം കിട്ടിയതിനാലാണ് സുനു പുഴയിൽ വീഴാതിരുന്നത്. പലകയുടെ അപകടാവസ്ഥയറിയാതെ കുട്ടി തൊട്ടുമുന്നിൽ കടന്നുപോയിരുന്നു.
മലയോരത്തെ ഏറ്റവും നീളം കൂടിയ കമ്പിപ്പാലങ്ങളിൽ ഒന്നാണ് കോലുവള്ളിയിൽ തേജസ്വിനിപ്പുഴയ്ക്ക് കുറുകേയുള്ള പാലം. കാലപ്പഴക്കത്തെ തുടർന്നു പാലത്തിലെ നിരവധി മരപ്പലകകൾ ഇതിനകം തകർന്നു വീണിട്ടുണ്ട്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്ന് ഭാഗത്തു നിന്നുള്ള വിദ്യാർഥികളടക്കം ഈ കമ്പിപ്പാലം കടന്ന് കോലുവള്ളിയിൽ എത്തിയാണ് സമീപത്തെ പ്രധാന ടൗണായ ചെറുപുഴയിലേക്ക് പോകുന്നത്.
അല്ലാത്തപക്ഷം മുനയംകുന്നിൽനിന്ന് ചെറുപുഴ ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കണം. നേരിട്ട് ബസ് സർവീസുകൾ പോലുമില്ലാത്തതിനാൽ വൻതുക നല്കി ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ പോകേണ്ടിവരുന്നത്. ഈ ബാധ്യത താങ്ങാനാവാത്തതിനാലാണ് സാധാരണക്കാർ അപകടാവസ്ഥയിലായിട്ടും കമ്പിപ്പാലം കടന്നുപോകുന്നത്.
ചെറുപുഴ ഭാഗത്തെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ രക്ഷിതാക്കൾ ഒപ്പംവന്ന് കൈപിടിച്ച് പാലം കടത്തിവിടുകയാണ് പതിവ്. പാലത്തിലെ കൂടുതൽ മരപ്പലകകൾ ഇളകി വീഴാവുന്ന നിലയിലാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. 2013-14 ൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 3.5 ലക്ഷം രൂപ ചെലവഴിച്ച് പാലം പുതുക്കിപ്പണിതിരുന്നു. പിന്നീട് എല്ലാ വർഷവും അറ്റകുറ്റപണികൾ നടത്താറുണ്ടായിരുന്നു.
എന്നാൽ ഈ വർഷം അതും നടന്നില്ല. മുനയംകുന്നിനും കോലുവള്ളിക്കും ഇടയിൽ കോൺക്രീറ്റ് പാലവും ചെക്ക്ഡാമും നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉള്ളതാണ്. ഇടക്കാലത്ത് ഇതിനായുള്ള നീക്കങ്ങൾ സജീവമായിരുന്നെങ്കിലും പിന്നീട് സ്തംഭനാവസ്ഥയിലാവുകയായിരുന്നു. അടിയന്തിരമായി കമ്പിപ്പാലത്തിന്റെ അറ്റകുറ്റപണികളെങ്കിലു നടത്തിയില്ലെങ്കിൽ ഇവിടെ ഇനിയും ഏതു നിമിഷവും അപകടങ്ങൾ സംഭവിക്കാവുന്ന നിലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.