കുട്ടികളുമായി സംവദിച്ച് പാഠപുസ്തകത്തിലെ കവി
1571785
Tuesday, July 1, 2025 12:58 AM IST
ബാനം: തങ്ങളുടെ പാഠപുസ്തകത്തില്‍ ഇടംനേടിയ കവി സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയം. ബാനം ഗവ. ഹൈസ്കൂളിലെത്തിയ പ്രശസ്ത കവി വീരാന്‍കുട്ടിയാണ് കുട്ടികള്‍ക്ക് കൗതുകമായത്. ഇദ്ദേഹത്തിന്റെ "സ്മാരകം' എന്ന കവിത ഒന്‍പതാം ക്ലാസിലും "വാവ ജീവനെ കാക്കുന്നു' എന്ന കവിത നാലാം ക്ലാസിലും പാഠപുസ്തകത്തിലുണ്ട്.
വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകള്‍ എന്നിവയുടെ ഉദ്ഘാടനത്തിനാണ് വീരാന്‍കുട്ടി എത്തിയത്. പുതിയ കാലഘട്ടത്തില്‍ നഷ്ടമാകുന്ന സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തി. പിടിഎ പ്രസിഡന്റ് പി. മനോജ്കുമാര്‍ അധ്യക്ഷതവഹിച്ചു.
ബാനം കൃഷ്ണന്, പാച്ചേനി കൃഷ്ണന്, പി.കെ. ബാലചന്ദ്രന്, അനിത മേലത്ത് എന്നിവര്‍ സംസാരിച്ചു. മുഖ്യാധ്യാപിക സി. കോമളവല്ലി സ്വാഗതവും വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ അനൂപ് പെരിയല്‍ നന്ദിയും പറഞ്ഞു.