എളേരിത്തട്ട് ഗവ. കോളജില്‍ നാല് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ
1571383
Sunday, June 29, 2025 7:12 AM IST
എളേരിത്തട്ട്: ഇ.കെ. നായനാർ സ്മാരക ഗവ. കോളജിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും നാലുകോടി രൂപ ചെലവിൽ നിർമിച്ച ഇക്കണോമിക്സ് സമുച്ചയം, ഇന്റേണൽ റോഡ്, വാട്ടർ ടാങ്ക്, ഐക്യുഎസി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി വിശിഷ്ടാതിഥിയാകും.
രണ്ട് കോടി രൂപ ചെലവിലാണ് ഇക്കണോമിക്സ് സമുച്ചയം നിർമിച്ചത്. കാമ്പസിനകത്തെ റോഡ് വികസനത്തിന് 1.34 കോടി രൂപയും വാട്ടർടാങ്ക് നിര്‍മാണത്തിന് 38 ലക്ഷം രൂപയും ഐക്യുഎസി കോണ്‍ഫറന്‍സ് ഹാള്‍ നിർമാണത്തിന് 13 ലക്ഷം രൂപയുമാണ് ചെലവഴിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. മാത്യൂസ് പ്ലാമൂട്ടിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ടോബി ജോസഫ്, ഡോ.പി.സി. അഷ്റഫ്, ഡോ.കെ. പ്രകാശൻ, പി.ജെ. പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
1981 ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മലയോരമേഖലയിലെ ഉന്നത വിദ്യഭ്യാസ വികസനത്തിനായി എളേരിത്തട്ടില്‍ ഒരു ഗവ. കോളജ് അനുവദിച്ചത്.
2019 ലാണ് കോളജിന് ആദ്യമായി നാക് അക്രഡിറ്റേഷന് ലഭിക്കുന്നത്. ഇക്കാലയളവിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കോളജിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അടുത്ത ഘട്ടത്തിൽ വിപുലമായ സൗകര്യങ്ങളുള്ള സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍ സ്ഥാപിക്കാനുള്ള ഫണ്ട് സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടുണ്ടെന്നും അതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.