അക്ഷത് മോന്റെ ചികിത്സാ സഹായത്തിന് സ്കൂളിന്റെ സംഭാവനയായി 1.08 ലക്ഷം
1571382
Sunday, June 29, 2025 7:12 AM IST
കാഞ്ഞങ്ങാട്: ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന ബല്ല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം തരം വിദ്യാർഥി അക്ഷത് മോന്റെ ചികിത്സയ്ക്ക് സ്കൂളിന്റെ സംഭാവനയായി 1.08 ലക്ഷം രൂപ കൈമാറി.
പ്രിൻസിപ്പൽ സി.വി. അരവിന്ദാക്ഷൻ,മുഖ്യാധ്യാപിക എം.എസ്. ശുഭലക്ഷ്മി എന്നിവരിൽ നിന്നും കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും ചികിത്സാ സഹായ സമിതി രക്ഷാധികാരിയുമായ കെ.വി. സുജാത തുക ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എൻ. ഗോപി അധ്യക്ഷനായി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ. ലത, ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എം. ബൽരാജ്, വൈസ് ചെയർമാൻ ഇ.വി. ജയകൃഷ്ണൻ, കൺവീനർ പി. പത്മനാഭ, ട്രഷറർ എസ്. പ്രദീപ്കുമാർ, എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
കാരാട്ടുവയൽ കൊഴക്കുണ്ട് മുത്തപ്പൻ തറയ്ക്ക് സമീപത്തെ മമതയുടെയും പരേതനായ ഹരീഷിന്റെയും മകനായ അക്ഷത് കുടൽമാല ചുറ്റിപ്പിണഞ്ഞുപോയതിനെ തുടർന്നാണ് ഗുരുതരാവസ്ഥയിൽ മംഗളൂരു ഫാദർ മുള്ളേർസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇതിനകം രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും. 15 ലക്ഷത്തോളം രൂപ ചികിത്സാച്ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സഹായ ഫണ്ടിലേക്ക് ഓരോരുത്തരും അവരവരെക്കൊണ്ട് കഴിയുന്ന തുക സംഭാവന നല്കണമെന്ന് ചികിത്സാ സഹായ സമിതി അഭ്യർഥിച്ചു. ഗൂഗിൾ പേ നമ്പർ: 9605427421 (പ്രമീള).കർണാടക ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിൽ തുടങ്ങിയ അക്കൗണ്ടിന്റെ നമ്പർ: 9992505076574901.