കാട്ടാനശല്യം: സ്വകാര്യ ഭൂമികളിലെ കാട് വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നോട്ടീസ് നല്കും
1571501
Monday, June 30, 2025 12:55 AM IST
പനത്തടി: റാണിപുരത്തിന് സമീപം പാറക്കടവ്, കുണ്ടുപ്പള്ളി ഭാഗങ്ങളിലെ കാട്ടാന ശല്യം തടയുന്നതിനായി വനത്തോട് ചേർന്ന് കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാനാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നല്കും.
ഇതിനായി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്താൻ പാറക്കടവിൽ ചേർന്ന പഞ്ചായത്ത്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ജൂലൈ 15 നകം കാട് വെട്ടിത്തെളിക്കാനാണ് നോട്ടീസ് നല്കുക. നോട്ടീസ് ലഭിച്ചിട്ടും കാട് വെട്ടിത്തെളിക്കാൻ തയ്യാറാകാത്തവരുടെ വസ്തുക്കൾ 2023 ലെ ഇഎഫ്എൽ നിയമപ്രകാരം വനം വകുപ്പിലേക്ക് കണ്ടുകെട്ടാൻ ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
പാറക്കടവിൽ നിലവിലുള്ള സൗരോർജവേലി ഒരു കിലോമീറ്റർ നീളത്തിൽ കൂടി നീട്ടാനും തീരുമാനിച്ചു.
ഇതോടൊപ്പം ആവശ്യമായ ഇടങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കാൻ വനം വകുപ്പിനോടാവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജെയിംസ്, പി.കെ. സൗമ്യമോൾ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിഹാബുദ്ദീൻ, പനത്തടി വില്ലേജ് ഓഫീസർ പി.ഐ. സുബക്, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, ട്രഷറർ എം.കെ. സുരേഷ്, ജി. രാമചന്ദ്രൻ, അജി ജോസഫ് എന്നിവർ പ്രസംഗിച്ചു.