കടലേറ്റത്തിൽ തെങ്ങുകൾ കടപുഴകി
1572096
Wednesday, July 2, 2025 1:49 AM IST
ഉദുമ: ജന്മ കടപ്പുറത്ത് രൂക്ഷമായ കടലേറ്റത്തിൽ നിരവധി തെങ്ങുകൾ കടപുഴകി. അവശേഷിച്ച ഒട്ടനവധി തെങ്ങുകളുടെ വേരുപടലം പൂർണമായും പുറത്തുകാണാവുന്ന നിലയിലാണ്. ഇവിടേക്കുള്ള റോഡിനും കേടുപാടുകൾ സംഭവിച്ചു.
നാട്ടുകാർ മണൽച്ചാക്കുകൾ അട്ടിയിട്ടാണ് അവശേഷിക്കുന്ന തെങ്ങുകളേയും റോഡിനെയും സംരക്ഷിച്ചുനിർത്തുന്നത്. തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്നിലെ പള്ളിവേട്ട മണ്ഡപത്തെ സംരക്ഷിക്കാൻ നാട്ടുകാരുടെയും ക്ഷേത്ര സംഘടനകളുടെയും നേതൃത്വത്തിൽ ചുറ്റുപാടും കരിങ്കല്ലുകൾ പാകി. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡപത്തിന്റെ അടിത്തറ മുഴുവനും പുറത്തുകാണാവുന്ന വിധത്തിൽ ചുറ്റുപാടുമുള്ള മണലെല്ലാം കടലെടുത്തിരുന്നു.
സമീപത്തുള്ള കാപ്പിൽ, കോട്ടിക്കുളം, മാളികവളപ്പ്, ചിറമ്മൽ, ഗോപാലപേട്ട പ്രദേശങ്ങളും കടലേറ്റ ഭീഷണിയിലാണ്.