ഭൂമി കൈമാറ്റം നടന്നാല്‍ ചീമേനി വ്യവസായപാര്‍ക്ക് യാഥാര്‍ഥ്യമാകും
1572100
Wednesday, July 2, 2025 1:49 AM IST
കാസര്‍ഗോഡ്:ചീമേനി ഐടി പാര്ക്കിന് 100 ഏക്കര്‍ ഭൂമിയില്‍ ജനറല്‍ വിഭാഗത്തില്‍ പെട്ട വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഉള്ളതാണെന്നും നിലവില്‍ ഇവിടെ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് തടസങ്ങള്‍ ഒന്നുമില്ലെന്നും വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
ഐടി വകുപ്പ് വ്യവസായ വകുപ്പിന് ഭൂമി കൈമാറ്റം നടത്തിയാല്‍ ചീമേനി ഐടി പാര്‍ക്ക് നിര്‍മാണം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും. പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെട്ടിരുന്ന ഐടി പാര്‍ക്ക് പ്രദേശം വ്യവസായ പാര്‍ക്കായി മാറ്റുന്നതിന് വേണ്ടി പുനര്‍വിജ്ഞാപനം നടത്തിയിരുന്നു. കെഎസ്ഐടി ലിമിറ്റഡിന് കീഴില്‍ ഭൂമി നിലനിര്‍ത്തി കെഎസ്ഐഡിസിയുടെ ഭാഗമായി വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
ചെങ്കല്‍ ക്വാറികള്‍ക്ക് അപേക്ഷ പരിശോധിച്ചു അനുമതി നല്കാന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ജില്ലയില്‍ വന്‍തോതില്‍ അനധികൃത ലാറ്ററൈറ്റ് ഖനനം നടക്കുന്നുണ്ട്. ഇതു സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു. കുണ്ടംകുഴി സാവിത്രിഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്കൂള്‍ എല്‍പി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയതായി കളക്ടര്‍ അറിയിച്ചു.
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് 4.5 കിലോമീറ്റര്‍ സ്ഥലത്ത് തടസങ്ങള്‍ നിലനില്ക്കുന്നു. പകരം ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് ലഭ്യമായെന്ന് കളക്ടര്‍ പറഞ്ഞു.