മുത്തലിബ് വധം: അഞ്ചാം പ്രതിയെ വെറുതെവിട്ടു
1572099
Wednesday, July 2, 2025 1:49 AM IST
കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ അബ്ദുള്‍ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാംപ്രതിയെ കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) വെറുതെവിട്ടു. കര്‍ണാടക ഭദ്രാവതി സ്വദേശി സയ്യിദ് ആസിഫിനെയാണ് വെറുതെവിട്ടത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
2013 ഒക്ടോബര്‍ 24നു രാത്രി 11ഓടെയാണ് ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിന്റെ ഫ്ളാറ്റിനു സമീപം ഇയാളെ വെട്ടിയും വെടിവെച്ചും ക്രൂരമായി കൊലപ്പെടുത്തിയത്.
അധോലോകസംഘാംഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിലെ ഒന്നാംപ്രതിയായിരുന്ന കുപ്രസിദ്ധ ക്രിമിനല്‍ കാലിയ റഫീഖ് വിചാരണ ആരംഭിക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടിരുന്നു.
രണ്ടാംപ്രതി ഷംസുദ്ദീനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരുന്നു. മൂന്നും നാലും പ്രതികളായ മുഹമ്മദ് റഫീഖ്, മന്‍സൂര്‍ അഹമ്മദ് എന്നിവരെ നേരത്തെ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതിയെ കണ്ടുകിട്ടാതിരുന്നതിനെതുടര്ന്നാണ് വിചാരണ നീണ്ടുപോയത്. പ്രതിക്കുവേണ്ടി അഡ്വ. രഞ്ജിത് കുണ്ടാര്‍ ഹാജരായി.