മെഡിക്കല്‍ കോളജിന് പ്രധാന പരിഗണന: മുഖ്യമന്ത്രി
1572097
Wednesday, July 2, 2025 1:49 AM IST
കാസര്‍ഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം കൂടുതല്‍ ശക്തിപ്പെടുത്തി ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസര്‍ഗോഡ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ത്തിയാക്കുന്നതിനു പ്രധാന പരിഗണന നല്‍കും. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന് സ്മാരക ഗവണ്മെന്റ് വനിതാ കോളേജില്‍ നടന്ന മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം തന്നെ കോഴ്സുകള്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജന് ഖോബ്രഗഡെ അറയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കും.
കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. നിലവില നിര്‍മാണ കരാറുകാരുമായി കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടികള്‍ കിറ്റ്കോ തയാറാക്കിയിട്ടുണ്ട്.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ കിഫ്ബി മുഖേനയുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി 17.47കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ടാറ്റ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിർമിച്ച ടാറ്റ ട്രസ്റ്റ് ആശുപത്രിയില്‍ പിഎം - എബിഎച്ച്ഐഎം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 കിടക്കകളോടു കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 20.75 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ സങ്കേതിക അനുമതിക്കായി ഉള്ള നടപടികള്‍ പുരോഗമിക്കുന്നു. ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടി അഭിക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ കടലാക്രമണം തടയാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ജല വിഭവ വകുപ്പ് സെക്രട്ടറി അവലോകന യോഗത്തില്‍ അറിയിച്ചു.