വോർക്കാടിയിൽ വീടിനുനേരെ വെടിവയ്പ്; ജനൽച്ചില്ല് തകർന്നു
1572930
Friday, July 4, 2025 7:28 AM IST
മഞ്ചേശ്വരം: വോർക്കാടിയിൽ അർധരാത്രിക്കുശേഷം വീടിനുനേരെ വെടിവയ്പ്. നല്ലങ്കിപദവിലെ ബി.എം. ഹരീഷിന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ അജ്ഞാതസംഘം വെടിയുതിർത്തത്.
വെടിയേറ്റ് വീടിന്റെ ജനൽച്ചില്ല് തകർന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നുനോക്കിയപ്പോൾ ഒരു കാറും ബൈക്കും സ്റ്റാർട്ട് ചെയ്ത് പോകുന്നത് കണ്ടതായി ഹരീഷ് മഞ്ചേശ്വരം പോലീസിൽ നല്കിയ പരാതിയിൽ പറഞ്ഞു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ജനൽച്ചില്ലിൽ വെടിയുണ്ട തുളച്ചുകയറിയതിന്റെ പാടുകൾ സ്ഥിരീകരിച്ചു. കരുതിക്കൂട്ടിയുള്ള ആക്രമണമാണോ അതോ കാട്ടുപന്നിയെ വെടിവയ്ക്കാനെത്തിയ നായാട്ടുസംഘത്തിന് ലക്ഷ്യം തെറ്റിയതാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പ്രദേശത്ത് രാത്രികാലങ്ങളിൽ നായാട്ടുസംഘങ്ങൾ സജീവമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.