കാസർഗോഡ് ഗവ. മെഡിക്കൽ കോളജിൽ ഉപേക്ഷിച്ച കെട്ടിടം ഇപ്പോഴും പ്രവർത്തനനിരതം
1572898
Friday, July 4, 2025 7:04 AM IST
കാസർഗോഡ്: ദിവസങ്ങൾക്കു മുമ്പുമാത്രം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയായി രൂപംമാറിയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ നേരത്തേ ഉപേക്ഷിച്ച കെട്ടിടം ഇപ്പോഴും പ്രവർത്തനനിരതം.
അബാൻഡന്റ് ബിൽഡിംഗ് എന്ന് ബോർഡുവച്ച കെട്ടിടത്തിലാണ് ജില്ലാ ടിബി കേന്ദ്രത്തിന്റെ ഒപി വിഭാഗവും സാമ്പിൾ കളക്ഷൻ സെന്ററും പ്രവർത്തിക്കുന്നത്. നേരത്തേ ജില്ലാ ടിബി കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം മൂലം പൊളിച്ചുമാറ്റിയതിനെ തുടർന്നാണ് ഇങ്ങോട്ട് മാറ്റിയത്.
അന്നുതന്നെ ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ പലരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന നിലയിലാണ്.
ഉള്ളിലേക്ക് വെള്ളം വീഴാതിരിക്കാൻ ഇതിനു മുകളിൽ പൂർണമായും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിരിക്കുകയാണ്. മുഴുവൻ സമയവും ഇതിനകത്ത് കഴിയാൻ വിധിക്കപ്പെട്ട ജീവനക്കാരും ചികിത്സയ്ക്കെത്തുന്ന രോഗികളും ഉൾഭയത്തോടെയാണ് ഈ കെട്ടിടത്തിനുള്ളിൽ കഴിയുന്നത്.