ബഹിരാകാശ യാത്രികരുമായി സംവദിച്ച് ഉദിനൂരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി
1572882
Friday, July 4, 2025 6:58 AM IST
തൃക്കരിപ്പൂർ: ഐഎസ് ആർഒയുടെ സാങ്കേതിക സഹായത്തോടെ ബഹിരാകാശ യാത്രികരുമായി സംവദിക്കാൻ അവസരം ലഭിച്ച വിദ്യാർഥികളുടെ സംഘത്തിൽ കാസർഗോഡ് ജില്ലയുടെ ഏക പ്രതിനിധിയായി ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി സി. അഷിത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 145 കുട്ടികളാണ് തിരുവനന്തപുരം ഐഎസ്ആർഒയിൽ വച്ച് ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികരുമായി സംവദിച്ചത്. ബഹിരാകാശത്തു നിന്ന് യാത്രികർ തിരിച്ചുവരുമ്പോൾ അന്തരീക്ഷത്തിലെ ഉയർന്ന താപനിലയെ മറികടക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് അഷിത് ചോദിച്ചത്.
ഇതിനായി കുറഞ്ഞ അളവിൽ മാത്രം താപം കടത്തിവിടുന്ന ലോഹങ്ങൾ കൊണ്ടാണ് ബഹിരാകാശ യാത്രികർ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഭാഗങ്ങൾ ഉണ്ടാക്കിയിരിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ഇടയിലക്കാട്ടെ സതീശന്റെയും തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക സി. ആശാലതയുടെയും മകനാണ് അഷിത്.