ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം 15ന്
1572881
Friday, July 4, 2025 6:58 AM IST
കാഞ്ഞങ്ങാട്: കേരളത്തെ കാര്‍ന്നുതിന്നുന്ന ലഹരി മാഫിയയ്ക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ 15നു വൈകുന്നേരം അഞ്ചിന് കാഞ്ഞങ്ങാട് കോട്ടച്ചേരി മുതല്‍ മാന്തോപ്പ് മൈതാനം വരെയാണ് ലഹരിവിരുദ്ധ സമൂഹ നടത്തം.
അന്നു നടക്കുന്ന വാക്കത്തോണില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികള്‍, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍, ആത്മീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയർമാന് മലയിന്‍കീഴ് വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടച്ചേരിയില്‍ മുന്നില്‍നിന്ന് ആരംഭിക്കുന്ന നടത്തം മാന്തോപ്പ് മൈതാനത്ത് എത്തി ലഹരിവര്‍ജന സന്ദേശം നല്കി പ്രതിജ്ഞ ചൊല്ലി സമാപിക്കും.
പത്രസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, പ്രൗഡ് കേരള ജില്ലാ കണ്‍വീനര്‍ കെ.കെ. രാജേന്ദ്രന്, ഗവേണിംഗ് ബോര്‍ഡ് അംഗം ഡോ. ആര്. വത്സലന്‍, രമേശന് കരുവാച്ചേരി, ജില്ലാ കോര്‍ഡിനേറ്റര്‍ ബി.പി. പ്രദീപ് കുമാര്‍, കെ.പി. പ്രകാശന്, ഫെസിലിറ്റേറ്റര്‍ കെ.ആര്. കാര്ത്തികേയന് എന്നിവരും പങ്കെടുത്തു.