കഞ്ചാവ് മിഠായി കൊറിയറിൽ; വിദ്യാർഥി എക്സൈസ് പിടിയിൽ
1573024
Saturday, July 5, 2025 1:02 AM IST
കാഞ്ഞങ്ങാട്: സ്വകാര്യ കൊറിയർ സർവീസ് വഴി ഉത്തർപ്രദേശിൽ നിന്ന് പാഴ്സലായെത്തിയ കഞ്ചാവ് മിഠായികളുടെ പായ്ക്കറ്റ് ഏറ്റുവാങ്ങാനെത്തിയ വിദ്യാർഥി എക്സൈസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് സൗത്ത് തൈവളപ്പിലെ ദിൽജിത്തിനെയാണ് (19) എക്സൈസ് ഇൻസ്പെക്ടർ ഇ.വി.ജിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വെള്ളിക്കോത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കെറിയർ സ്ഥാപനത്തിലേക്കാണ് പാഴ്സലെത്തിയത്. കോളജ് വിദ്യാർഥിയായ ദിൽജിത്ത് കഞ്ചാവ് മിഠായികളുടെ വിതരണവുമായി ബന്ധപ്പെട്ട് നേരത്തേ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായാണ് എക്സൈസ് സംഘം ഇയാളെ പിന്തുടർന്ന് കെറിയർ സ്ഥാപനത്തിനു സമീപമെത്തിയത്.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.സ്കൂളിന്റെ എതിർവശത്തുള്ള കൊറിയർ സ്ഥാപനത്തിൽ നിന്ന് പാഴ്സൽ വാങ്ങി പുറത്തിറങ്ങിയ ഉടൻതന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. രണ്ടു പായ്ക്കറ്റുകളിലായി ഉണ്ടായിരുന്ന 448 ഗ്രാം കഞ്ചാവ് മിഠായി ഇയാളിൽ നിന്നു പിടിച്ചെടുത്തു.