പയ്യന്നൂരില്‍ നിരീക്ഷണ കാമറ 23; കണ്ണടച്ചത് 19
1573021
Saturday, July 5, 2025 1:02 AM IST
പയ്യന്നൂര്‍: പയ്യന്നൂരിന്റെ ക്രമസമാധാന പരിപാലന രംഗത്ത് സഹായകമാകാനുദ്ദേശിച്ച് സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ. 2022 മാര്‍ച്ചിലാണ് പയ്യന്നൂര്‍ പോലീസ് കണ്ട്രോള് റൂമിന്റെ ഭാഗമായി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. നഗരത്തിന്റെ മുക്കും മൂലയും ഒപ്പിയെടുക്കാന്‍ പറ്റുന്ന വിധത്തില്‍ 23 കാമറകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്.
പയ്യന്നൂരില്‍ പോലീസ് കണ്ട്രോള് റൂം ആരംഭിച്ചപ്പോള്‍ ഇതിനോടനുബന്ധിച്ച് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം കുറച്ചു വൈകിയാണെങ്കിലും നടപ്പാക്കുകയായിരുന്നു. ഇതോടെ കൃത്യമായ തെളിവ് ലഭിക്കുമെന്നതിനാല്‍ നഗരത്തിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും തടയിടുവാനും കഴിഞ്ഞിരുന്നു.
മുമ്പ് ഗതാഗത നിയമം പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കാമറകളുപയോഗിച്ച് പോലീസ് നടപ്പാക്കിയ നടപടികള്‍ ഫലപ്രദമായിരുന്നതിന്റെ വെളിച്ചത്തിലായിരുന്നു കാമറകള്‍ സ്ഥാപിച്ചത്. പയ്യന്നൂരിലെ വ്യാപാരി സമൂഹത്തിനും ആശ്വാസം പകരുന്ന നടപടിയായിരുന്നു ഇത്.
എന്നാലിപ്പോള്‍ കേബിളുകളുടെ തകരാറും കാമറകളുടെ തകരാറും കാരണം ഇതില്‍ 19 കാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. അവശേഷിക്കുന്ന നാല് കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തകരാറിലായ കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ആരും മുന്നോട്ടുവരാത്ത അവസ്ഥയാണ്.
പയ്യന്നൂരിലെ വ്യാപാരി സമൂഹത്തിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായിരുന്നു. പയ്യന്നൂര്‍ നഗരസഭ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി പത്തുലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നതുമാണ്.