കുമ്പള സാമൂഹികാരോഗ്യകേന്ദ്രവും ഫിറ്റ്നസില്ലാത്ത കെട്ടിടത്തിൽ
1573505
Sunday, July 6, 2025 7:30 AM IST
കുമ്പള: നിത്യേന നാനൂറോളം രോഗികളെത്തുന്ന കുമ്പള സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത് ഫിറ്റ്നസില്ലാത്ത കെട്ടിടത്തിൽ. കാലപ്പഴക്കമേറിയ രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങ മാത്രമാണ് ഇവിടെയുള്ളത്. ഒരു കെട്ടിടം 1954 ൽ നിർമിച്ചതാണ്. ഇതിന്റെ മേൽക്കൂരയിലെ കഴുക്കോലുകളും പട്ടികകളുമെല്ലാം ദ്രവിച്ച നിലയിലാണ്.
ഈ കെട്ടിടത്തിന്റെ നവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചതായി ഒരുവർഷം മുമ്പ് സർക്കാരിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ കാര്യമായ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
ചില സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ വിഷയം സർക്കാരിന്റെ താലൂക്ക് തല അദാലത്തിലെത്തിച്ചിരുന്നെങ്കിലും നവീകരണത്തിനായി പദ്ധതി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് താഴെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് ഡോക്ടർമാരും രോഗികളും ആശുപത്രി ജീവനക്കാരും കഴിയുന്നത്.