വിവാഹപരസ്യത്തിലൂടെ പണം തട്ടിയ യുവതിക്കും മാതാവിനുമെതിരേ കേസ്
1563982
Sunday, June 1, 2025 4:08 AM IST
പന്തളം: വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിക്കും മാതാവിനും എതിരേ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂര്‍ മൂര്‍ത്തിയത്ത് ദേവിക ആര്. നായര്‍ (26), മാതാവ് എം. എസ്. ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.
തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകന് മാട്രിമോണിയല്‍ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ പ്രൊഫൈല്‍ ഇയാള്‍ കാണുകയും, വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്ന്, യുവതി അമ്മയുടെ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു 1,76,500 രൂപ ഇവരില്‍നിന്നും പലതവണയായി കൈപ്പറ്റി. പിന്നീട്, 57550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്കി.
യുവാവിനെ ദേവിക കബളിപ്പിച്ചതാണെന്നും ഇവര്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്നും യുവാവിനും കുടുംബത്തിനും വ്യക്തമായത് പിന്നീടാണ്. തുടര്‍ന്ന് പരാതിയുമായി യുവാവിന്റെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷ്, എസ്ഐ അനീഷ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.