പ്രവേശനോത്സവത്തിനു കടലവണ്ടിയും
1564479
Tuesday, June 3, 2025 5:34 AM IST
പ്രമാടം: സ്കൂളിൽ കടലവണ്ടിക്കെന്താ കാര്യം എന്ന് ചോദിക്കാൻ വരട്ടെ. അധ്യാപികമാർ വറത്തെടുത്ത കപ്പലണ്ടി കൊറിച്ച് കുട്ടികളുടെ ആദ്യ വിദ്യാലയ പ്രവേശം പോഷക സമൃദ്ധമാക്കിയാണ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ വ്യത്യസ്തമായത്.
ബലൂണുകൾ കൊണ്ട് അലങ്കരിച്ച കടല വണ്ടി സ്കൂളിലൊരുക്കി. 15 കിലോ നിലക്കടല മണൽച്ചട്ടിയിൽ തത്സമയം വറുത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വർണ ക്കുമ്പിളിൽ വിതരണം ചെയ്ത് പ്രവേശനോൽസവം കളറാക്കി.
ലഹരി വിരുദ്ധ കാന്പെയിന്റെ ഭാഗമായി സ്കൂൾ കാമ്പസിൽ സന്ദേശപ്പൂക്കള മൊരുക്കി പ്രവേശനോൽസവത്തെ സാമൂഹ്യ പ്രസക്തിയുള്ളതാക്കി മാറ്റി. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കാരം അളകനന്ദ ,നിരഞ്ജന എന്നിവർ അവതരിപ്പിച്ചു. സ്കൂൾ കായിക താരങ്ങൾ സ്പോർട്സ് ഫാഷൻ ഷോയും സുംബാ നൃത്തവും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഫാ. ജിജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രമാടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി സി. ബാബു നിർവഹിച്ചു.
പ്രഥമാധ്യാപിക സി. ശ്രീലത, സ്റ്റാഫ് സെക്രട്ടറി കെ. ബി. ലാൽ, പ്രിൻസിപ്പൽ ബി. ആശ, എൻ. എസ്. അജൻ പിള്ള , അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.