വര്ണചിത്രങ്ങളെഴുതി സ്കൂളുകള്‍; ന്യൂ ജെന്‍ കുറുക്കന് മുന്തിരി പുളിക്കില്ല
1564241
Monday, June 2, 2025 3:57 AM IST
റാന്നി: പഴവങ്ങാടി ഗവ. യുപി സ്കൂളില്‍ ക്ലാസിക് ബാലകഥകളുടെ സര്ഗതുടര്ച്ച വിവരിക്കുന്ന ചുവര്‍ചിത്രങ്ങളാണ് പ്രധാന ആകര്‍ഷണം. തനിക്കു കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞ കുറുക്കന് ന്യൂജെന്‍ കാലഘട്ടത്തില്‍ പഴങ്കഥയായി.
കുറുക്കന് കൂട്ടുകാരെ കൂട്ടിവന്ന് മുന്തിരി പറിക്കുന്ന ദൃശ്യമാണ് ഒന്നാം ക്ലാസിന്റെ പുറംഭിത്തിയില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്. മണ്ണാങ്കട്ട അലിഞ്ഞുപോയി കരിയില പറന്നുപോയി എന്ന ദുഃഖപര്യവസായിയായ കഥ പഠിച്ചവര്‍ തങ്ങളുടെ മക്കളെ പഴവങ്ങാടി സ്കൂളില്‍ ചേര്‍ക്കാന്‍ വരുമ്പോള്‍ അറിയുന്നത് സന്തോഷത്തോടെ കാശിയിലെത്തിയ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയാണ്.
ചുവരുകളില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കണം എന്നത് റാന്നി ബിപിസി ഷാജി എ. സലാമിന്റെ നിര്‍ദേശമായിരുന്നു. പ്രഥമാധ്യാപകന് ജോമോന് പി. ജോണിന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങള്‍ നടന്നത്.