ഉപ്പുമാവിനു പകരം ബിരിയാണി; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി
1564721
Wednesday, June 4, 2025 3:59 AM IST
പത്തനംതിട്ട: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി പറഞ്ഞതു പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്കരിച്ചു. അങ്കണവാടി വിദ്യാർഥിയായ ശങ്കുവിന്റെ വീഡിയോ ശ്രദ്ധയില്‍പെട്ട മന്ത്രി ഭക്ഷണ മെനു പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്കരിച്ചത്.
അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72 ാം നന്പർ അങ്കണവാടിയിൽ ഇന്നലെ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അങ്കണവാടിയില്‍ നിന്ന് ഈ അധ്യയന വര്‍ഷം സ്കൂളിലേക്ക് പോകുന്ന കരുന്നുകള്‍ക്കായി പ്രത്യേക പരിപാടിയും ഇതോടനുബന്ധിച്ചു നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാർ, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ, മുൻ എംഎൽഎ കെ.സി. രാജഗോപാലൻ,
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്,
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ആർ. അജയകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ പോള്‍ രാജൻ, ലാലി ജോണ്‍, വി. എം മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുന്പഴ അങ്കണവാടിയിൽ
പത്തനംതിട്ട: നഗരസഭ പതിനാറാം വാർഡ് 95ാം നമ്പര്‍ അങ്കണവാടിയിൽ പ്രവേശനോത്സവം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ ബാഗും ബുക്കുകളും പഠനോപകരണങ്ങളും മധുരവും അടങ്ങുന്ന കിറ്റുകൾ കുട്ടികൾക്ക് നൽകി. അങ്കണവാടി അധ്യാപിക ശാന്തകുമാരി, വർക്കർ ഗിരിജാമ്മാൾ, സിഡിഎസ് മെംബർ സന്ധ്യ പനക്കൽ, എഡിഎസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
റാന്നി പഴവങ്ങാടിയിൽ
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ 65 ാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്ത് തല പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജാഗ്രത സമിതി അംഗം ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ഇസാഫ് ബാങ്ക് മാനേജർ പി. മനു സമ്മാനിച്ചു.
ഏഴംകുളത്ത്
ഏഴംകുളം: അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് ഏഴംകുളം ജനമൈത്രി കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജനമൈത്രിയുടെ പിഎസ് സി കോച്ചിംഗ് സെന്ററിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ ഉദ്ഘാടനം ചെയ്തു.
ജനമൈത്രി അംഗം ഷറഫുദ്ദീൻ അബ്ദുൽ അസീസ് കുട്ടികൾക്കുള്ള പഠനോപകരണം സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷെമീൻ, സുരേഷ് ബാബു, സദാനന്ദൻ, രജിത, ഷീജ, ശാന്തി കെ. കുട്ടൻ, ലിജി, ഷീബ, അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.