സ്വകാര്യ ബസുകളില്‍ കൺസഷൻ നിരക്ക് പ്രദർശിപ്പിക്കണം
1564887
Thursday, June 5, 2025 4:11 AM IST
പത്തനംതിട്ട: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നിർദേശിച്ചു. രാവിലെ ആറ് മുതല്‍ രാത്രി ഏഴുവരെ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കണം. ദിവസം രണ്ടു യാത്ര അനുവദനീയമാണ്. 40 കിലോമീറ്റർ വരെയാണ് കൺസഷൻ യാത്രാപരിധി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റസ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം കൺസഷൻ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം.
കൺസഷന് സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. യൂണിഫോമിന്റെയും സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കൺസഷൻ നല്‍കണമെന്ന് കളക്ടർ നിർദേശിച്ചു.
അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്സഷന് കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കൂ. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. ജോയ്, വിദ്യാഭ്യാസ സ്ഥാപനം, വിദ്യാര്‍ഥി സംഘടന, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.