പരിസ്ഥിതിദിനത്തില്‍ കെഎസ്ആർടിസി ബസിൽ യാത്രക്കാരനായി ജില്ലാ കളക്ടർ
1565242
Friday, June 6, 2025 3:49 AM IST
പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തിൽ പച്ചഷർട്ടിട്ട് താമസസ്ഥലത്തു നിന്നു കുലശേഖരപതി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനെ കണ്ട നാട്ടുകാർക്കും കൗതുകം.
രാവിലെ 9.20ന് പത്തനംതിട്ടയിലേക്കുള്ള കെഎസ്ആര്‍ടിസി ഓർഡിനറി ബസ് കുലശേഖരപതിയില്‍ നിർത്തിയപ്പോൾ അദ്ദേഹവും അതിൽ കയറി. ടിക്കറ്റെടുത്ത് ഗണ്മാനോടൊപ്പം ജില്ലാ കളക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം.
സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. ഇതിനിടയിൽ കെഎസ്ആർടിസിക്കാരുടെ വക ചായ എത്തി. അതു കുടിച്ചപ്പോഴേക്കും ഷാളുമായി ഒരു യാത്രക്കാരൻ എത്തി.
തുടർന്ന് കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസിയുടെ അടുത്ത ഓർഡിനറി ബസില്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക്.
പിന്നീട് കാല്‍നടയായി കളക്ടറേറ്റിലേക്ക്. കളക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷത്തൈ നട്ടശേഷമാണ് ചേംബറിലേക്കു പോയത്. പരിസ്ഥിതി ദിനത്തില്‍ 'പച്ച' മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കളക്ടര്‍ കടന്നു.
പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില്‍ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം .... ഫേസ്ബുക്കില്‍ കഴിഞ്ഞദിവസം കുറിച്ച സന്ദേശം ജില്ലാ കളക്ടര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
പൊതുഗതാഗത സംവിധാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റു നഗരങ്ങളില്‍ ബസ് യാത്ര ചെയ്യാറുണ്ടെങ്കിലും ഇവിടെ സാധിക്കാറില്ലെന്ന് അദ്ദേഹം പരിതപിച്ചു.