വൃക്ഷത്തൈകൾ നട്ട് നാടെങ്ങും പരിസ്ഥിതിദിനാചരണം
1565241
Friday, June 6, 2025 3:49 AM IST
പത്തനംതിട്ട: പരിസ്ഥിതിദിനത്തിൽ നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. വിദ്യാലയങ്ങളിലും സർക്കാർ പൊതുമേഖല ഓഫീസുകളും കൂടാതെ വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിലും പരിസ്ഥിതിദിനം ആഘോഷിച്ച് തൈകൾ നട്ടു. തൈകൾ നട്ടവർ ഇതിനെ പരിപാലിച്ചുകൊള്ളാമെന്ന പ്രതിജ്ഞയും എടുത്താണ് മടങ്ങിയത്.
പരിസ്ഥിതിദിന സന്ദേശവുമായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണവുമായി വിവിധ സംഘടനകൾ റാലികളും സെമിനാറുകളും നടത്തി.
നാട്ടുമരങ്ങൾക്കൊരിടമൊരുക്കി
കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷനും(കപ്പ ) കല്ലൂപ്പാറ എൻജിനിയറിംഗ് കോളജ് ഭൂമിത്രസേനയും ചേർന്ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന പരിസ്ഥിതി ദിനാചരണ പരിപാടികൾ പ്രിൻസിപ്പൽ ഡോ.ജെ. ദീപ ഉദ്ഘാടനം ചെയ്തു.
കപ്പ പ്രസിഡന്റ് സി.കെ. മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലെജു ഏബ്രഹം പദ്ധതി വിശദീകരിച്ചു. ടി. ഡീൻ രാജ് കുമാർ,അജോയ് തോമസ്, വിജോയ് പുത്തോട്ടിൽ, വി.എസ്. ദീപു, സി. രാജേഷ്, എസ്. പാർത്ഥൻ, ജെയിംസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
നാട്ടുമരങ്ങൾക്കൊരിടം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നാട്ടുമരങ്ങളുടെ ആയിരത്തോളം തൈകളാണ് കോളജ് അങ്കണത്തിലും സമീപ പ്രദേശങ്ങളിലുമായി നട്ടത്.
നാടൻ പ്ലാവിനങ്ങളായ താമരചക്ക, വാകത്താനം വരിക്ക, ചെമ്പരത്തി വരിക്ക, ഉണ്ട ചക്ക, ഇരുവള്ളിപ്ര വരിക്ക, മുട്ടൻ വരിക്ക , തെള്ളിയൂർ വരിക്ക, മാവിനങ്ങളായ മൂവാണ്ടൻ, കിളിച്ചുണ്ടൻ, കപ്പമാവ്, പേരയ്ക്ക മാവ്, വിവിധതരം നാട്ടുമാവുകൾ എന്നിവയുടൈ തൈകളാണ് പ്രധാനമായും നട്ടത്. ഇവയ്ക്കു പുറമെ നീർമാതളം, കമണ്ഡലു തുടങ്ങിയ അപൂർവ മരങ്ങളുടൈ തൈകളും നട്ടു.
വിവിധ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സഹകരണത്തോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നാണ് വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ തൈകൾ സംഘടിപ്പിച്ചത്, സതീഷ് ഏബ്രഹാം, റെജി ഏബ്രഹാം, മാത്യു ജോൺ, അനി കുടായി തുടങ്ങിയവർ നേതൃത്വം നൽകി.
ഇൻഫാം നേതൃത്വത്തിൽ
റാന്നി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻഫാം റാന്നി കാർഷിക താലൂക്കിന്റെയും വിവിധ ഗ്രാമസമിതികളുടെയും നേതൃത്വത്തിൽ തൈ നടീലും ആഗോള താപനിയന്ത്രണത്തിന്റെ ഭാഗമായി വിളക്കണയ്ക്കൂ വിശ്വം കാക്കൂ എന്ന സന്ദേശത്തിലൂന്നിയുള്ള പരിപാടികളും സംഘടിപ്പിച്ചു. പെരുനാട് ഗ്രാമസമിതിയിൽ നടന്ന പരിപാടിയിൽ മീൻകുഴി - ചിറ്റാർ ഗ്രാമസമിതി ഡയറക്ടർ ഫാ. സെബിൻ ഉള്ളാട്ട് മുഖ്യസന്ദേശവും തൈ വിതരണ ഉദ്ഘാടനവും നിർവഹിച്ചു.
റാന്നി കാർഷിക താലൂക്ക് ഡയറക്ടർ ഫാ. ജേക്കബ് കൈപ്പൻപ്ലാക്കലിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട കാർഷിക താലൂക്ക് പ്രസിഡന്റ് സണ്ണി ജോർജ്, റാന്നി കാർഷിക താലൂക്ക് മഹിളാ വിഭാഗം പ്രസിഡന്റ് ഷൈനി ജോസഫ്, ഷാന്റി ആന്റണി, സിസിലി റോബിച്ചൻ, ലൗലി ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളുടെ കീഴിൽ പിന്നീട് തൈ വിതരണവും നടീലും യൂണിറ്റ് ഡയറക്ടർമാർ നിർവഹിച്ചു.