പ്രവേശനോത്സവത്തിനു കൈത്താങ്ങായി എംസിവൈഎം
1564725
Wednesday, June 4, 2025 3:59 AM IST
പത്തനംതിട്ട: പുതിയ അധ്യയന വർഷ ആരംഭവുമായി ബന്ധപ്പെട്ട് അക്ഷര ലോകത്തേക്ക് കടന്നു വരുന്ന പ്രതിഭകൾക്കായി വിവിധ പ്രവർത്തനങ്ങളുമായി എംസിവൈഎം പത്തനംതിട്ട രൂപതയിലെ അഞ്ച് വൈദിക ജില്ലകളും രൂപതയിലെ 100 യൂണിറ്റുകളും.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട രൂപതയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രികരിച്ച് സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കൽ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ആയിരത്തോളം സ്കൂൾ കിറ്റ് വിതരണങ്ങൾ, പ്രവേശനോത്സവങ്ങൾ, ഗ്രീറ്റിംഗ് കാർഡ് വിതരണങ്ങൾ, ലഹരിക്കെതിരേ ബോധവത്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നത്.
പത്തനംതിട്ട ഭദ്രാസനത്തിലെ കോന്നി,പത്തനംതിട്ട, പന്തളം, സീതത്തോട്, റാന്നിപെരുനാട് എന്നീ വൈദിക ജില്ലകളാണ് യൂണിറ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികൾ സംഘടിപ്പിച്ചത്.
പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എംസിവൈഎം യൂണിറ്റുകളും വൈദിക ജില്ലാ ഘടകങ്ങളും അവരുടെ പ്രാദേശികമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.