‘തുടര്‍ഭരണം ലഭിച്ചിട്ടും മോദി വര്‍ഗീയപ്രീണനം തുടരുന്നു’
1245402
Saturday, December 3, 2022 11:03 PM IST
ആലപ്പുഴ: രാജ്യത്ത് തുടര്‍ ഭരണം ലഭിച്ചിട്ടും നരേന്ദ്രമോദി വര്‍ഗീയ പ്രീണനം തുടരുകയും ജനങ്ങള്‍ക്ക് കൊടുത്ത വികസന വാഗ്ദാനങ്ങള്‍ വിസ്മരിക്കുകയുമാണ് ചെയ്യുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. സി.ആര്. ജയപ്രകാശിന്റെ സ്മരണയ്ക്ക് ആലപ്പുഴ ഡിസിസി ആരംഭിച്ച ഗ്രന്ഥശാല, റീഡിംഗ് റൂം സൗകര്യത്തോടെയുള്ള സി.ആര്. ജയപ്രകാശ് ചെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞ് പ്രചരണം നടത്തുന്ന ബിജെപി അവിടെ ആറു പ്രാവശ്യം ഭരണത്തില്‍ വരാന്‍ അവസരം ലഭിച്ചിട്ടും ദിനം പ്രതി നാലു മണിക്കൂര്‍ കറന്റ് കട്ട് ഒഴിവാക്കാനോ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനോ ശ്രമിക്കാതെ ഇപ്പോഴും ഹിന്ദു-മുസ്ലീം വിഭജനത്തിലൂടെ വോട്ടു പിടിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ ഈ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് ഇന്ത്യന്‍ മനസുകളെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര-ചെന്നി ത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ഷാനിമോള്‍ ഉസ്മാന്, അഡ്വ.ഡി. സുഗതന്, അഡ്വ. കോശി എം. കോശി, ഷാജി മോഹന്‍ തുടങ്ങിയവർ പ്രസംഗിച്ചു.