ചെന്നിത്തല പാടശേഖരത്തിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു
1574124
Tuesday, July 8, 2025 9:35 PM IST
മാന്നാര്‍: ചെന്നിത്തല പത്താം ബ്ലോക്ക് പാടശേഖരത്തിലെ കൃഷി മുടങ്ങുമെന്ന് കര്‍ഷകര്‍. കൃഷിയിറക്കേണ്ട സമയത്താണ് തുടര്‍ച്ചയായ മഴ പെയ്തത്. തുടര്‍ന്ന് പാടശേഖരം വെള്ളത്തില്‍ മുങ്ങി. ഇപ്പോള്‍ മഴ കുറഞ്ഞെങ്കിലും വെള്ളം വറ്റിക്കാനുള്ള ബുദ്ധിമുട്ട് കാരണം ചെന്നിത്തല പത്താം ബ്ലോക്ക് പാടശേഖരത്തിലെ 65 ഏക്കര്‍ പുഞ്ച നിലത്ത് അടുത്തവര്‍ഷം കൃഷി ഇറക്കാന്‍ കഴിയുകയില്ലന്ന് നെല്ലുത്പാദക സമിതി അറിയിച്ചു.
45 കര്‍ഷകര്‍ സ്വന്തമായി കൃഷി ചെയ്യുന്ന പാടത്ത് ഒരേ തറയില്‍ പെട്ടിക്കും മോട്ടറും തിരിച്ചും മറിച്ചും വെച്ചാണ് വെള്ളം വറ്റിക്കുകയും വെള്ളം കയറ്റുകയും ചെയ്യുന്നത്. ചോവാലില്‍ തോട്ടിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് ഇപ്പോഴത്തെ മോട്ടോര്‍ തറ. ഏറ്റവും താഴ്ച ഭാഗത്തെ വെള്ളം വറ്റിവരണമെങ്കില് വളരെ ദിവസങ്ങള്‍ എടുക്കും. ആറ്റില്‍ ജലനിരപ്പുയര്‍ന്നാല്‍ വാര്യത്ത് തോട് വഴി പുത്തനാറ്റിലേക്ക് പാടത്തുനിന്ന് വെള്ളം ഇറങ്ങുകയുമില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം നവംബര്‍ പകുതിക്ക് കൃഷി ഇറക്കേണ്ടതായിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ പമ്പിംഗ് സംവിധാനം ഇതിന് സഹായകരമല്ല. വാര്യത്ത് തോട്ടുമുഖത്ത് ഉയര്‍ന്ന ഹോഴ്സ് പവറിലുള്ള പമ്പ് സ്ഥാപിച്ച് പമ്പിംഗ് നടത്തിയാല്‍ മാത്രമേ സമയത്ത് കൃഷി ഇറക്കാന്‍ കഴിയുകയുള്ളൂ. ആയതിന് പാടശേഖരസമിതി മുട്ടാത്ത വാതിലുകളില്ല.
വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നഷ്ടത്തിലാണ്. ഒപ്പം സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വിലയും പൂര്‍ണമായി ലഭിച്ചിട്ടില്ല. കാലപ്പഴക്കത്താല്‍ ജീര്‍ണതയിലായ പെട്ടിയും പറയും മാറ്റുകയും വാര്യത്ത് തോട്ടുമുഖത്തും ചോവാലില്‍ തോട്ടുമുഖത്തും 20 എച്ച്പി വീതമുള്ള രണ്ടു വെര്‍ട്ടിക്കല്‍ പമ്പുകള്‍ സ്ഥാപിച്ച് ജലസേചന സൗകര്യം ഒരുക്കി കര്‍ഷകരുടെ കൃഷി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.