സോളാറിലെ കെഎസ്ഇബി നയം; സര്‍ക്കാരിനു തിരിച്ചടിയാവും
1574123
Tuesday, July 8, 2025 9:35 PM IST
അമ്പലപ്പുഴ: സോളാറിലെ കെഎസ്ഇബിയുടെ പുതിയ നയം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തിയേക്കും. 2020ലെ സോളാര്‍ നയം 2025ല്‍ മറികടക്കാന്‍ റെഗുലേറ്ററി കമ്മീഷന് കരട് പുറപ്പെടുവിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തുവാനുള്ള തിരക്കിട്ട നീക്കമാണ് കമ്മീഷന് നടത്തുന്നത്.
2020ലെ സോളാര്‍ നിയമം അനുസരിച്ച് ഗാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നെറ്റ് മീറ്ററിങ്ങാണ് നടപ്പിലാക്കിവന്നിരുന്നത്. പകല്‍സമയങ്ങളില്‍ ഉപഭോക്താക്കള്‍ പുരപ്പുറം സോളാറിലൂടെ ഉത്്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കും. ഉപഭോക്താക്കള്‍ ആവശ്യമുള്ള വൈദ്യുതി ഗ്രിഡില്‍നിന്ന് ഇമ്പോര്‍ട്ട് ചെയ്ത് ഉപയോഗിക്കാം. മാസത്തില്‍ കണക്കെടുക്കുമ്പോള്‍ ഉത്പാതിപ്പിച്ച വൈദ്യുതിയും ഉപയോഗിച്ച വൈദ്യുതിയും തട്ടിക്കിഴിച്ച് മിച്ചമുള്ള വൈദ്യുതി ഉപഭോക്താവിന്റെ എനര്‍ജി ബാങ്കില്‍ ബാലന്‍സ് ആയി രേഖപ്പെടുത്തും.
അടുത്തമാസം ഉത്പാദനം കുറഞ്ഞാലും എനര്‍ജി ബാങ്കില്‍നിന്നുള്ള വൈദ്യുതി എടുത്ത് ബില്ല് ബാലന്‍സ് ചെയ്യാന്‍ കഴിയും. ഇത് ഗാര്‍ഹിക സോളാര്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. മീറ്ററിങ്ങിലെ ആകര്‍ഷണമാണ് സോളാര്‍ കേരളത്തില്‍ ജനപ്രിയമാകാന്‍ കാരണം. കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡിയും ഏഴു ശതമാനം നിരക്കില്‍ ലോണ്‍ സൗകര്യവും വന്നതോടെ സാധാരണക്കാരന് പോലും സോളാറിലേക്കു മാറി ത്തുടങ്ങി. കേരളത്തിൽ ഏകദേശം രണ്ടു ലക്ഷം സോളാര്‍ ഉപഭോക്താക്കളാണുള്ളത്.
സോളാര്‍ രജിസ്ട്രേഷന് ദിനംപ്രതി വര്‍ധിക്കുകയാണ്. രണ്ടു ലക്ഷം രൂപ ഉണ്ടെങ്കില്‍ ഒരു സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയും. ഇതില്‍ 78,000 രൂപ സബ്സിഡിയും ലഭിക്കും സോളാര്‍ മേഖലയില്‍ ലക്ഷക്കണക്കിന് യുവതീ-യുവാക്കളാണ് ജോലി നോക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ഒരു സ്റ്റാര്‍ട്ട് അപ്പ് പദ്ധതി കൂടിയാണ് സോളാര്‍ റിന്യൂവബിള്‍ എനര്‍ജി മേഖല.
സോളാര്‍ പദ്ധതി കേരളത്തില്‍ വ്യാപകമായതോടെയാണ് കെഎസ്ഇബി തനിനിറം പുറത്തെടുത്തു തുടങ്ങിയത്. തുടക്കത്തില്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോള്‍ 2020ലെ നിയമം തന്നെ മാറ്റാന്‍ കെഎസ്ഇ ബി റെഗുലേറ്ററി കമ്മീഷന് തീരുമാനിച്ചു. കമ്മീഷന്റെ കരട് നിയമം നടപ്പിലാക്കുന്നതോടെ കേരളത്തില്‍ സോളാര്‍ പദ്ധതിതന്നെ ഇല്ലാതാകും. പുതിയ നിയമത്തില്‍ നെറ്റ് മീറ്ററില്‍ മൂന്ന് കിലോ വരെ ആക്കി ചുരുക്കി. ഇതോടെ ഒരു സാധാരണ ഇടത്തരം കുടുംബത്തിന് അഞ്ചു കിലോവാട്ട് സോളാര്‍ പ്ലാന്റ് എങ്കിലും ആവശ്യമായി വരും. പുതിയ നിയമം അനുസരിച്ച് അഞ്ച് കിലോ വാട്ടിന് നെറ്റ് ബില്ലിംഗ് സമമ്പ്രദായമേ സാധ്യമാകൂ.
ഉപഭോക്താക്കള്‍ നല്കുന്ന വൈദ്യുതിക്ക് കുറഞ്ഞ തുകയും ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ തുകയും ഈടാക്കുന്ന ബില്ലിംഗ് രീതി ലാഭകരമല്ലെന്നും കെഎസ്ഇബിക്ക് നഷ്ടമുണ്ടാകുന്നു എന്ന വാദം ഉയര്‍ത്തിയാണ് പുതിയ നിയമം കെഎസ്ഇബി നടപ്പിലാക്കുന്നത്. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് റെഗുലേറ്ററി കമ്മീഷന് ഓഫീസിനു മുന്നില്‍ നടന്ന സമരം പ്രതിഷേധത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു.
കോടിക്കണക്കിന് രൂപ നികുതിയായി ലഭിക്കുന്ന മേഖലയാണിത്. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ടെക്നിക്കല്‍ നോണ്‍ ടെക്നിക്കല്‍ എന്നിങ്ങനെ ഉള്ളവര്‍ മേഖലയില്‍ ജോലി നോക്കുന്നു. പുതിയ നിയമം ചെറുപ്പക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കും.
2030 ഓടെ 50 ശതമാനം ഹരിത വൈദ്യുതി എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം കേരളത്തില്‍ നടപ്പിലാക്കാന്‍ കെഎസ്ഇബിയുടെ പുതിയ നയം വിലങ്ങുതടിയാകും. ആശാവർക്കര്‍മാരുടെ സമരത്തേക്കാള്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരും. വരുന്ന പഞ്ചായത്ത് -നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സോളാര്‍ ഉപഭോക്താക്കളുടെ പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ ഊര്‍ജമേഖലയെ ശവപ്പറമ്പ് ആക്കി മാറ്റുന്ന കെഎസ്ഇബിയുടെ പുതിയ സോളാര്‍ നയം തിരുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.