വളയം പിടിക്കുന്ന മാലാഖമാര്‍ക്ക് എ.ബി. വിലാസം എന്‍എസ്എസ് യൂണിറ്റിന്റെ ആദരം
1574127
Tuesday, July 8, 2025 9:35 PM IST
ആലപ്പുഴ: പലപ്പോഴും ഡോക്ടര്‍ ആയും നഴ്സ് ആയും ജോലി നോക്കേണ്ടിവരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ ഓര്‍മിക്കുന്ന ദിനമാണ് ജൂലൈ എട്ട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തെ ഒരു വളയം കൊണ്ട് ചേര്‍ത്തുനിര്‍ത്തുവാന്‍ പണിപ്പെടുന്ന ഒരു കൂട്ടം മനുഷ്യരെ ഓര്‍മിക്കുന്ന ദിനം.
ആധുനിക ആംബുലന്‍സ് സേവനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ഡൊമിനിക് ജീന്‍ ലാറിയുടെ ജന്മദിനമാണ് ജൂലൈ എട്ട്. നെപ്പോളിയന് ചക്രവര്‍ത്തിയുടെ ആര്‍മിയിലെ പ്രധാന സര്‍ജനായി മാറിയ ഫ്രഞ്ച് സൈനിക ഡോക്ടറായിരുന്നു അദ്ദേഹം. യുദ്ധമുഖത്ത് മുറിവേറ്റവരെ കൊണ്ടുപോകാനായി ഫളയിംഗ് ആംബുലന്‍സ് എന്ന ആശയവും കൊണ്ടുവന്നത് അദ്ദേഹമായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് അസ്ലം, മുഹമ്മദ് സാലിഹ് എന്നിവരെയാണ് എ.ബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ആദരിച്ചത്.
പ്രിന്‍സിപ്പല്‍ ബിജോ കെ. കുഞ്ചെറിയ പൊന്നാട അണിയിച്ചു. സീനിയര്‍ അസിസ്റ്റന്റ് എസ്. പ്രവീണ്‍, അധ്യാപകരായ അന്നാ ചെറിയാന്, എം. വി. സാബുമോന്, നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയേഴ്സ് ആയ എസ്. അനശ്വര, എം.ആര്. അമല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്നലത്തെ ദീപിക ദിനപത്രത്തിലെ മറക്കരുത് ജീവനുവേണ്ടി ഓടുന്ന ഇവരെ എന്ന ലേഖനമാണ് കുട്ടികളില്‍ ഈ ആശയത്തിനു വിത്തുപാകിയത്.