അഹമ്മദാബാദ്: ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എട്ടുപേർ അറസ്റ്റിൽ. നവസാരി ജില്ലയിലാണ് സംഭവം. 15കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം, ഭാരതീയ ന്യായ സംഹിത എന്നീ വകുപ്പുകൾ പ്രകാരമാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജനുവരി ഏഴിന് വാൻസ്ഡ പട്ടണത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിന് പുറത്തിറങ്ങിയ കുട്ടിയെ മൂന്ന് മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
2.5 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് എത്തിച്ചാണ് ഇവർ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിൽ ഏഴ് പേർ 20-21 വയസ് പ്രായമുള്ളവരാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെയാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് വിവരം ബന്ധുക്കളെ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തതായി ചിഖ്ലി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.വി. ഗോഹിൽ പറഞ്ഞു.