കപിൽ സിബൽ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുവോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിനെതിരേ രാജ്യസഭാംഗം കപിൽ സിബൽ.
ഈ കണക്കുകൾ എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാനും ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനും അദ്ദേഹം യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കപിൽ സിബൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
യോഗിക്ക് ഈ കണക്കുകൾ എവിടെനിന്നു കിട്ടിയെന്നത് വ്യക്തമാക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽനിന്ന് എവിടെനിന്നൊക്കെയാണ് പേരുകൾ ഒഴിവാക്കിയതെന്ന് അറിയാമെങ്കിൽ അത് ജനങ്ങൾക്കുമുന്നിൽ വയ്ക്കണം.
ഏതൊക്കെ മണ്ഡലത്തിൽനിന്നാണ് വോട്ടർമാരെ ഒഴിവാക്കിയതെന്നും കപിൽ സിബൽ ചോദിച്ചു. വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയിൽ ഫോറം 6, ഫോറം 7, ഫോറം 8 എന്നിവയുടെ ഉപയോഗത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും തമ്മിൽ പ്രഖ്യാപിച്ച രാഷ്ട്രീയസഖ്യം ദളിത്, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നും സിബൽ ചൂണ്ടിക്കാട്ടി. ശക്തമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ചെറിയൊരു വോട്ടുമാറ്റം പോലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Yogi evidence removed Kapil Sibal questions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash