മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകുക: ഐസിഎഫ് കുവൈറ്റ് സമ്മിറ്റ്
അബ്ദുല്ല നാലുപുരയിൽ
Tuesday, July 29, 2025 2:33 PM IST
കുവൈറ്റ് സിറ്റി: പുതിയ കാലത്തെ മാറ്റങ്ങളുടെ ഗതിവേഗത്തിനനുസൃതമായ നവീകരണത്തിന് പ്രബോധകർ തയാറാകണമെന്ന് കുവൈറ്റ് ഐസിഎഫ് സമ്മിറ്റ് ആഹ്വാനം ചെയ്തു.
പുതിയ കാലത്തിന്റെയും സമൂഹത്തിന്റെയും നേട്ടങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനരീതികൾ ക്രമപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൽ വ്യാപകമാവുന്ന തിന്മകൾക്കുമെതിരായ ജാഗ്രത കൈവിടാതെ സൂക്ഷിക്കണമെന്നും ഐസിഎഫ് സമ്മിറ്റ് അഭിപ്രായപ്പെട്ടു.
ഏതു കാലത്തും പ്രബോധകന്റെ മുഖമുദ്ര അച്ചടക്കമാണെന്നും ഇസ്ലാം നിഷ്കർഷിക്കുന്ന സ്വഭാവഗുണങ്ങളുടെ അംബാസിഡർമാരായി പ്രസ്ഥാനിക ചുമതലയുള്ളവർ മാറണമെന്നും ഐസിഎഫ് ഇന്റർനാഷണൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് സമ്മിറ്റ് പ്രതിനിധികളെ ഉണർത്തി.

തങ്ങൾ സംബോധന ചെയ്യുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വഭാവവും നിലവാരവും അനുസരിച്ച് ഇടപെടലുകളിൽ ഔചിത്യബോധം കാത്തു സൂക്ഷിക്കൽ അനിവാര്യമാണെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി.
ഏപ്രിൽ അവസാന വാരം ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായാണ് കുവൈറ്റ് നാഷണൽ കമ്മിറ്റി എക്കോസ് എന്ന പേരിൽ മിനി സമ്മിറ്റ് ഒരുക്കിയത്. കുവൈറ്റിലെ ഏഴു റീജിയണുകളിൽ നിന്നുള്ള സെനറ്റ് അംഗങ്ങൾ പ്രതിനിധികളായി സംബന്ധിച്ചു.

ടേക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ എന്ന തലവാചകത്തിൽ ദസ്മ ടീച്ചേർസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന എക്കോസിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഐസിഎഫ് പ്രവർത്തന പദ്ധതികളെ പറ്റിയുള്ള ചർച്ചയും വിശദീകരണവും നടന്നു.
ഐസിഎഫ് കുവൈറ്റ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി ആധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
ഐസിഎഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇന്റർനാഷണൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി ശരീഫ് കാരശേരി പദ്ധതി വിശദീകരണവും നിർവഹിച്ചു. ഇന്റർനാഷണൽ കൗൺസിൽ നോളജ് സെക്രട്ടറി അബ്ദുൽ ഹമീദ് പരപ്പ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.