സമാനതകൾ ഇല്ലാത്ത സമര നേതാവ്; വി.എസിനെ അനുസ്മരിച്ച് കേളി
Saturday, July 26, 2025 2:40 PM IST
റിയാദ്: പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന സമാനതകൾ ഇല്ലാത്ത സമര നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
85 വർഷത്തോളം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിൽ, സമരരംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചുനിന്ന വി എസ്, പാർടി പ്രവർത്തകർക്കും അവകാശ പോരാട്ടം നടത്തുന്നവർക്കും എന്നും പ്രചോദനമേകുന്ന നേതാവായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവർഗ പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾക്ക് ഉഴിഞ്ഞുവെച്ചതായിരുന്നു. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാന കണ്ണിയായ വി.എസ്, ആറ് തവണ എംഎൽഎയും രണ്ട് തവണ പ്രതിപക്ഷ നേതാവും ഒരു തവണ മുഖ്യമന്ത്രിയും ആയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ പ്രവാസി ക്ഷേമ പദ്ധതി നിയമ സഭയിൽ പ്രഖ്യാപിക്കുകയും 2008ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിക്കുകയും ചെയ്തത് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നടപടിയായിരുന്നു.
500 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 3500ൽ എത്തിനിൽക്കുന്നതിനും തിരിച്ചെത്തിയ പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിലും സുപ്രധാന ചുവടുവയ്പ്പുമായിരുന്നു ഈ പദ്ധതിയെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.