പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം കെ.സി. വേണുഗോപാലിന്
അബ്ദുല്ല നാലുപുരയിൽ
Wednesday, July 23, 2025 4:15 PM IST
കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈറ്റ് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള "പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം' കെ.സി. വേണുഗോപാൽ എംപിക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓഗസ്റ്റ് 22ന് ഷുവൈഖ് കൺവൻഷൻ സെന്റർ ആൻഡ് റോയൽ സ്യുട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ പുരസ്കാര സമർപ്പണം നടത്തും.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചു കൊടുക്കുന്ന പദ്ധതിയിലേക്ക് കുവൈറ്റ് ഒഐസിസി നൽകുന്ന ആദ്യ ഭവനത്തിനുള്ള സഹായവും ചടങ്ങിൽ വച്ച് കൈമാറും.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽ കുമാറാണ് ഭാവന സഹായത്തിനുള്ള സംഖ്യ ഏറ്റുവാങ്ങുക. കുവൈറ്റിന്റെ ചുമതലയുമുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, വർഗീസ് ജോസഫ് മാരാമൻ, ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ, എം.എ. നിസാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.