ഇന്ത്യയെ മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗരൂഗരാകണം: നവയുഗം ജുബൈൽ
Friday, August 1, 2025 1:31 PM IST
ജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേക്ക് മുന്നേറുമ്പോൾ ഇന്ത്യയെ മതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരേ ഇന്ത്യൻ പ്രവാസസമൂഹം ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും നവയുഗം സാംസ്കാരികവേദി മീഡിയ കൺവീനറുമായ ബെൻസിമോഹൻ അഭിപ്രായപ്പെട്ടു.
നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ബദർഅൽറാബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനദേവ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന നേതാവ് എം.ജി. മനോജ് നവയുഗം സാംസ്കാരിക വേദി ജുബൈൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
കെ.ആർ. സുരേഷ് ആദ്യമെമ്പർഷിപ്പ് ഫോം ഏറ്റുവാങ്ങി. നവയുഗം നേതാക്കളായ ടി.കെ. നൗഷാദ്, പുഷ്പകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നൗഷാദ് സ്വാഗതവും എസ്.ഡി. ഷിബു നന്ദിയും പറഞ്ഞു
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കേരള മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. പളനിവേലിനും യോഗം അനുശോചനം രേഖപ്പെടുത്തി.