കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
Wednesday, July 30, 2025 12:54 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയായുടെ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
മലാസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് നെസ്റ്റോയിൽ നടന്ന മത്സരത്തിന് ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനി സഹപ്രയോജകരായി. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 24 ടീമുകൾ ഓണലൈനായി രജിസ്റ്റർ ചെയ്തു.
ബെസ്റ്റ് ഓഫ് ത്രീ രീതിയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ മൊത്തം 68 മത്സരങ്ങൾ നടന്നു. ടൂർണമെന്റ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി കേന്ദ്ര സ്പോർട്സ് കൺവീനർ ഹസൻ പുന്നയൂരുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു.
24 ടീമുകൾ മാറ്റുരച്ച മത്സരത്തിനൊടുവിൽ ഫൈനൽ റൗണ്ടിൽ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്സ് ജേതാക്കളായി. സംഘാടക സമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതം പറഞ്ഞ സമാപന യോഗത്തിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജർ രാഹുൽ എന്നിവർ ആശംസകൾ നേർന്നു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾക്ക് സുനിൽ കുമാർ, രാഹുൽ, നസീർ മുള്ളൂർക്കര, ജവാദ് എന്നിവർ ചേർന്ന് കൈമാറി. യോഗത്തിനു മലാസ് ഏരിയ സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ നന്ദി പറഞ്ഞു.