മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് അതിരൂപത വൈദിക കൂട്ടായ്മ സ്വീകരണം നൽകി
Thursday, September 11, 2025 5:02 PM IST
കരോൾബാഗ്: സീറോമലബാർ സഭയിൽ അതിരൂപതയായി ഉയർത്തപ്പെട്ട ഫരിദാബാദ് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ അതിരൂപതയിൽ സേവനം ചെയ്യുന്ന വൈദികർ ഒന്നുചേർന്ന് അതിരൂപത കാര്യാലയത്തിൽ സ്വീകരിച്ചു.
ഓഗസ്റ്റിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോമലബാർ സഭയുടെ സിനഡ് സമ്മേളന മധ്യേ ആണ് അതിരൂപതയ്ക്ക് ഏറെ ആഹ്ലാദം നൽകുന്ന ഈ പ്രഖ്യാപനം നടത്തപ്പെട്ടത്. സിനഡിനു ശേഷം തിരിച്ചെത്തിയ പിതാവിനെ സ്വീകരിക്കുവാനും ആശംസകൾ നേരുവാനും രൂപതയിൽ സേവനം ചെയ്യുന്ന അമ്പതോളം വൈദികർ എത്തിച്ചേർന്നിരുന്നു.
ഫരീദാബാദ് അതിരൂപതയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും ഒന്ന് ചേർന്ന് കൃതജ്ഞതസ്തോത്ര ഗീതം ആലപിച്ചു. അതിരൂപതയുടെ കഴിഞ്ഞ 12 വർഷത്തെ യാത്രകളെ ഓർമിപ്പിച്ചുകൊണ്ട് അതിരൂപതയുടെ ചാൻസലർ റവ. ഫാ. മാർട്ടിൻ പാലമറ്റം എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
സമ്മേളന മധ്യേ വൈദികരുടെ പ്രതിനിധികളായി റവ.ഫാ. ഫ്രിജോ തറയിൽ, റവ.ഫാ. അഗസ്റ്റിൻ തോന്നികുഴി എംഎസ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തിയതിന് റോമിലെ പരിശുദ്ധ സിംഹാസനത്തിനും സീറോമലബാർ സിനഡിനും നന്ദി പറഞ്ഞ മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടർന്നുള്ള തന്റെ ശുശ്രൂഷ മേഖലകളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ ക്രിസ്തീയ ദൗത്യം നിർവഹിക്കപെടുവാൻ എല്ലാവരുടെയും പ്രാർഥന സഹായം ആവശ്യപ്പെടുകയും ചെയ്തു.