ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഡോ. ടെസി തോമസിന്
Sunday, August 31, 2025 1:55 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ കീഴിലുള്ള സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന എട്ടാം ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഈ വർഷം ശാസ്ത്രജ്ഞയും "അഗ്നിപുത്രി' എന്നറിയപ്പെടുന്ന ഡോ. ടെസി തോമസിന് സമ്മാനിക്കുമെന്ന് ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
അവാർഡ് നവംബർ 30ന് നടക്കുന്ന സമ്മേളനത്തിലാണ് സമ്മാനിക്കുക. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ പ്രഫ.ഡോ. ശ്യാം മേനോൻ മുഖ്യ പ്രഭാഷണം നടത്തും.
സമൂഹത്തിൽ വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ പ്രഗത്ഭരെ ആദരിക്കുന്നതിനായി ഡൽഹി ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തയും ലോകപ്രശസ്ത മഹാപണ്ഡിതനും വിശ്വമാനവീകനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്മരണാർഥത്തിലാണ് ഈ അവാർഡ് ദാന ചടങ്ങ് സോഫിയ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പികുന്നത്.
അവാർഡിനൊപ്പം അഞ്ച് ലക്ഷം രൂപയും പ്രശസ്ത്രി പത്രവുമാണ് ലഭിക്കുക. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷന്റെ വൈസ് ചാൻസിലറായ ഡോ. ടെസി തോമസ്, ഇന്ത്യയുടെ അഭിമാനമായ അഗ്നി IV , അഗ്നി V മിസൈലുകളുടെ പ്രൊജക്റ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
"മിസൈൽ വനിത' , "അഗ്നിപുത്രി' എന്നീ വിശേഷണങ്ങൾക്ക് ഉടമയായ അവർ 2008-ലെ DRDO Scientist of the Year Award, 2012ലെ CNN-IBN Indian of the Year Award 2014ലെ കേരള സർക്കാരിന്റെ വനിതാ രത്നം പുരസ്കാരം അടക്കമുള്ള നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.
സമൂഹത്തിന്റെ ഉന്നമനത്തിനും ശാസ്ത്രവികസനത്തിനും ഡോ. ടെസി തോമസ് നൽകിയ സംഭാവനകൾ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസിന്റെ ദർശനങ്ങളുമായി ചേർന്ന് നിൽക്കുന്നതായതിനാലാണ് ഈ വർഷത്തെ അവാർഡിന് അവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതുവരെ ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവായ ദലൈലാമ, ഡോ. ബാബാ ആംദെ, അരുണ റോയ്, ഡോ. സോനം വാങ്ചുക് തുടങ്ങി നിരവധി മഹാന്മാരായ ദേശീയ-ആഗോള വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.