"കാൻക്ലേവ് 2025' കാൻസർ ബോധവത്കരണ കാമ്പയിന് ഡൽഹിയിൽ തുടക്കം
Monday, October 13, 2025 2:54 PM IST
ന്യൂഡൽഹി: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും ബത്ര ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് സെന്ററും(ബിഎച്ച്എംആർസി) സംയുക്തമായി സംഘടിപ്പിച്ച "കാൻക്ലേവ് 2025' കാൻസർ അവബോധ സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി.
ശനിയാഴ്ച ഡൽഹി ലക്ഷ്മി ബായി ബത്ര നഴ്സിംഗ് സെന്ററിലാണ് സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കാൻ കെയർ ഫൗണ്ടേഷൻ വിദ്യാർഥികൾക്കായി ആരംഭിച്ച സ്റ്റുഡന്റ് പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും അഡ്വ. ഹാരിസ് ബീരാൻ എംപി നിർവഹിച്ചു.
ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പദ്മശ്രീ ഡോ. രാജേഷ് കുമാർ ഗ്രോവർ, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് റൊണാക് ഖത്രി, ഹംദാർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡീൻ ഡോ. മുഷറഫ് ഹുസൈൻ, ഐഐഎസ് ഡെപ്യൂട്ടി ഡയറക്ടർ ഷാഹിദ് തിരുവല്ലൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

"Together We Can Overcome' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഡൽഹിയിലെ ആതുര സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ഹരിയാന സർവകലാശാലകളിൽ നിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ കാൻസർ പ്രതിരോധത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഭാഗമായി വിവിധ സെഷനുകൾ നടന്നു.