ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ഷിബി പോൾ മുളന്തുരുത്തി
Thursday, August 28, 2025 3:02 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (ഒസിവെെഎം) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു.
"ക്രിസ്തുവിലുള്ള വീണ്ടെടുപ്പ്' (Total Redemption In Christ) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയത്തിൽ റവ. ഫാ. കെ. കെ വർഗീസ് (മാവേലിക്കര ഭദ്രാസനത്തിലെ ഇവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി, ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അംഗം) ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യതു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഏകദിന സമ്മേളനം 10ന് പ്രാർഥനാ ഗാനത്തോടെ ആരംഭികുകയും ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് സ്വാഗത പ്രസംഗം നടത്തുകയും റവ. ഫാ. ബിനിഷ് ബാബു (ഡൽഹി ഭദ്രാസനം യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്) ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.
ഡൽഹി ഭദ്രാസനത്തിലെ ഗുരുഗ്രാം സെന്റ് ഗ്രിഗോറിയോസ് ഇടവക ഗായക സംഘങ്ങൾ ഗാനം ആലപിച്ചു. നോർക്ക സ്കീംസ് സ്പെഷ്യൽ സെക്ഷനിൽ ജെ. ഷാജിമോൻ (നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ) പ്രവാസി മലയാളികൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളെ പറ്റി സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം ഡൽഹി ഭദ്രാസനത്തിലെ മീററ്റ് മാർ ഗ്രിഗോറിയോസ് ഇടവക ഗായക സംഘങ്ങൾ ഗാനം ആലപിക്കുകയും, രണ്ട് മണിക്ക് തീം ഉപസംഹാരം റവ. ഫാ. കെ. കെ വർഗീസ് നിർവഹിച്ചു.
ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കു മരുന്നു ആപത്തുകൾക്കെതിരായി യുവജനപ്രസ്ഥാനം അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. ശേഷം ഒസിവെെഎമ്മിന്റെ ഫണ്ട് ശേഖരണ സംരംഭങ്ങളെ പറ്റി സിജു വർഗീസ് (ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ട്രസ്റ്റി) വിവരണങ്ങൾ നൽകി.
തുടർന്ന് റിജോ വർഗീസ് (ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി) സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രസംഗം നടത്തി.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ഗായക സംഘങ്ങൾ കാതോലിക്ക മംഗള ഗാനം ആലപിക്കുകയും തുടർന്ന് പ്രാർഥനയോടും ആശിർവാദത്തോടും കൂടി ഏകദിനസമ്മേളനം അവസാനിച്ചു.
സമ്മേളനത്തിൽ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള 200 ഓളം യുവജനപ്രസ്ഥാന അംഗങ്ങൾ പങ്കെടുത്തു.