ഓണാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു
പി.എൻ. ഷാജി
Tuesday, October 14, 2025 1:09 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ - കിദ്വായ് നഗർ ഏരിയ ഓണാഘോഷവും മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങുകൾ ഭാഷാ പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സിവിൽ വ്യോമയാന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. സ്മിതമോൾ ഐഎഎസ് ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡിഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ സുജാ രാജേന്ദ്രൻ, ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ഏരിയ വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ഏരിയ ട്രെഷറർ അജി ചെല്ലപ്പൻ,ഏരിയ വിമൻസ് വിംഗ് കൺവീനറും ഭാഷാധ്യാപികയുമായ സുതില ശിവ, ഏരിയ ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ഗിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച കവിതകൾ, ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, തിരുവാതിര, നാടോടി നൃത്തം എന്നിവ അരങ്ങേറി. 2024-25 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെയും മലയാളം മിഷൻ "കണിക്കൊന്ന' വിജയികളെയും കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.

കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ചു കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കളം, തിരുവാതിരകളി മത്സരങ്ങളിൽ ഏരിയയിൽ നിന്നും പങ്കെടുത്ത ടീം അംഗങ്ങളെയും സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ചിങ്ങനിലാവിൽ നാടോടി നൃത്തം അവതരിപ്പിച്ച ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ലക്കി ഡ്രോയുടെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.