ജേക്കബ് മാർ ബർണബാസ് ഓർമദിനം ആചരിച്ചു
Wednesday, August 27, 2025 11:59 PM IST
ന്യൂഡൽഹി: ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ആദ്യ മെത്രാൻ ഭാഗ്യസ്മരണാർഹനായ ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ നാലാം ഓർമയാചരണം ഡൽഹി നെബ് സരായ് സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തി.
അനുസ്മരണച്ചടങ്ങിൽ മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസന സമിതി മാർ ബർണബാസിന്റെ ഓർമയ്ക്കായി വർഷംതോറും മിഷൻ മേഖലയിലെ നിർധനരായ കുട്ടികൾക്കായി നൽകിവരുന്ന ഡോ. ജേക്കബ് മാർ ബർണബാസ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു.
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ കൂരിയ മെത്രാൻ ഡോ. ആന്റണി മാർ സിൽവാനോസ് വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഡൽഹിയിലെ പാവങ്ങളുടെ പിതാവും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സുഗന്ധം ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് പകർന്നുനൽകിയ മിഷണറിയുമായിരുന്നു ബർണബാസ് പിതാവെന്ന് ബിഷപ് ആന്റണി മാർ സിൽവാനോസ് അനുസ്മരിച്ചു.
ഭദ്രാസന മുഖ്യ വികാരി ജനറാൾ ഫാ. വർഗീസ് വള്ളിക്കാട്ട്, ചാൻസലർ ഫാ. എൽദോസ് തുണ്ടിയിൽ, എംസിഎ ഭദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ, എംസിഎംഎഫ് ഡൽഹി മേഖല പ്രസിഡന്റ് ജീന അനിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
എംസിഎ സഭാതല എക്സിക്യൂട്ടീവ് മെംബർ വർഗീസ് മാമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗം സാബു സാമുവൽ, വിവിധ ഇടവകകളിൽനിന്നെത്തിയ വൈദികർ, സിസ്റ്റേഴ്സ്, അല്മായപ്രതിനിധികൾ, മാർ ബർണബാസിന്റെ കുടുംബാംഗങ്ങൾ എന്നിവർ ശുശ്രൂഷാചടങ്ങുകളിൽ പങ്കെടുത്തു.