റവ. ജെയിംസ് കെ ജോൺ
ഡാളസ് : വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കും മാത്രം മുൻഗണന നൽകുന്ന ആത്മീയ ജീവിതത്തിൽനിന്ന് മാറി, ദൈവീക ദൗത്യത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക പാരിഷ് മിഷൻ വാർഷിക കൺവൻഷന് തുടക്കമായി. ഒക്ടോബർ 23 മുതൽ 26 വരെയാണ് കൺവൻഷൻ നടത്തപ്പെടുന്നത്.
ഒക്ടോബർ 23 വെള്ളിയാഴ്ച നടന്ന ഉദ്ഘാടനയോഗത്തിൽ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികളുടെ മുൻഗണനകളെക്കുറിച്ചുള്ള ഗൗരവമായ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു.
സ്വന്തം വീടുകളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തിൽ മാത്രം ശ്രദ്ധാലുക്കളായി, ദൈവത്തിന്റെ ദൗത്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും നീട്ടിവയ്ക്കുന്ന പ്രവണത വിശ്വാസികൾ ഗൗരവമായി പരിശോധിക്കണമെന്ന് സന്ദേശം ഓർമിപ്പിച്ചു.
സഭയുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിൽമാത്രം ഒതുങ്ങിപ്പോകാതെ, ദൈവം നൽകിയിരിക്കുന്ന സമയവും വിഭവങ്ങളും ഉപയോഗിച്ച് ലോകത്തിലേക്ക് സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം എത്തിക്കാൻ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.
ഇടവക വികാരി ഡോ. റെജിൻ രാജു സ്വാഗതം ആശംസിച്ചു. അലക്സാണ്ടർ ഫിലിപ്പ്, ജോൺ ശമുവേൽ, പ്രൊഫ. റെയ്ന ജോർജ്, മിനി അനിൽ എന്നിവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിന്റെ വളർച്ചയ്ക്കും അവസരമൊരുക്കുന്ന കൺവൻഷന്റെ തുടർന്നുള്ള ദിവസങ്ങളിലും ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Tags : Annual Convention Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash