പി.ടി. ഉഷ.
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ അധികാരപ്പോര് രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കങ്ങൾ നടന്നതായി ആരോപിച്ച് പി.ടി. ഉഷ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിലാണ്. വിഷയത്തിൽ പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് ഉഷാ ക്യാമ്പ്.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയവും ഉഷ ഉയർത്തുന്നുണ്ട്. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കായികമന്ത്രിയെയും നേരത്തേതന്നെ അറിയിച്ചിരുന്നുവെന്നും ഉഷ വ്യക്തമാക്കി.
മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം പി.ടി. ഉഷയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് പൂർണമായി മാറ്റിനിർത്താനുള്ള നീക്കങ്ങൾ വിവിധ കായിക സംഘടനകളുടെ ഭാഗത്തുനിന്ന് നടക്കുന്നതായാണ് സൂചന. ഐഒഎ ജനറൽ അസംബ്ലിയിൽ വിവിധ സംഘടനകളുടെ പ്രതിനിധിയായി ഉഷയെ അംഗീകരിക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശം ലഭിച്ച് ജനറൽ അസംബ്ലിയിൽ അംഗമാകണം. എന്നാൽ പി.ടി. ഉഷയ്ക്ക് അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രണ്ടു പ്രതിനിധികളിൽ ഒരാളായി ഉഷ തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന.
ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്ഒഎം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. 2022ൽ എസ്ഒഎം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Tags : OlympicCommittee P.T.Usha IndianOlympicAssociation NarendraModi Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash