സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഇക്കഴിഞ്ഞ തിങ്കൾ മുതൽ വെള്ളി വരെ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക മീറ്റിംഗായ 2026 ദാവോസ്, ലോകത്തെങ്ങുമുള്ള പ്രൈവറ്റ് ജെറ്റുകളുടെ അഖിലലോക മാമാങ്കം കൂടിയായിരുന്നു.
യോഗമാരംഭിച്ച തിങ്കളും പിറ്റേന്ന് ചൊവ്വയുമായി കുറഞ്ഞത് 157 സ്വകാര്യ വിമാനങ്ങൾ ദാവോസിനു ചുറ്റുവട്ടത്തുളള വിമാനത്താവളങ്ങളിലിറങ്ങി എന്നതാണ് ഒരു ഏകദേശക്കണക്ക്. ഫോറത്തിന്റെ അഞ്ചുദിനങ്ങൾ പൂർത്തിയായപ്പോഴേക്ക്, അതിസമ്പന്നരുടെ 300 ബിസിനസ് ജെറ്റുകളാണ് എത്തിയതെന്ന് ഫ്ളൈറ്റ്ട്രാക്കിംഗ് സൈറ്റിൽനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.
എൻവീഡിയ സിഇഒ ജെൻസെൻ ഹുവാങ്, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ആന്ത്രോപിക്കിന്റെ നാദിയ അമേദേയ്, പാലന്റീറിന്റെ അലെക്സ് കാർപ്, ഡീപ് മൈൻഡിന്റെ ഡെമിസ് ഹസ്സാബിസ്, മിസ്ട്രൽ എഐയുടെ ആർതർ മാൻഷ്, സീമൻസ് എനർജിയുടെ ക്രിസ്റ്റിയൻ ബ്രൂക്ക് തുടങ്ങിയവർ ഈ വിമാനങ്ങളിലെത്തിയവരിൽ ഉൾപ്പെടും.
സൂറിച്ച് വിമാനത്താവളത്തിൽ മാത്രം, ഫോറത്തിന്റെ ദിനങ്ങളിൽ ലാൻഡു ചെയ്ത ആയിരത്തിലേറെ വിമാനങ്ങളിൽ സ്വകാര്യ ജെറ്റുകളും ഉൾപ്പെടും. വിമാനത്താവളമില്ലാത്ത ദാവോസിന് സമീപമുള്ള നഗരങ്ങളായ ബേണിലും ബാസലിലുമുള്ള വിമാനത്താവളങ്ങളിലും ജർമനിയുടെ ഫ്രീഡ്രിക്ഹാഫെൻ എയർപോർട്ടിലുമാണ്, സൂറിച്ചിനു പുറമേ ഡെലിഗേറ്റുകൾ ലാൻഡു ചെയ്തത്.
ഇന്ത്യയിൽ നിന്നുള്ള പ്രൈവറ്റ്ജറ്റുകളും തീർച്ചയായും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ട്രമ്പ് ആതിഥ്യം വഹിച്ച സ്വീകരണയോഗത്തിൽ പങ്കെടുത്ത ടാറ്റാസൺസ്, ഭാരതി എന്റർപ്രൈസസ്, വിപ്രോ, ഇൻഫോസിസ്, മഹീന്ദ്ര ഗ്രൂപ്പ്, ബജാജ് ഫിൻസെർവ്, ഭാർതിയ ഗ്രൂപ്പ് എന്നിവയുടെ മേധാവികൾക്കു പുറമേ, ലോകബിസിനസ് രംഗത്തെ പല അതികായരേയും നേരിട്ടുകണ്ട് ചർച്ചനടത്താനായി മീറ്റിംഗിനു പോയ മറ്റ് ഇന്ത്യൻ വ്യവസായികളും ബിസിനസ് രംഗത്തെ പ്രമുഖരും സ്വന്തം വിമാനങ്ങളിൽ സ്വിറ്റ്സർലൻഡിൽ എത്തിയിരുന്നു, പോയ ആഴ്ച.
നമ്മുടെ എം.എ. യൂസഫലിയുടേയും രവി പിള്ളയുടേയും ജെറ്റുകൾ ഞായറും തിങ്കളുമായി യഥാക്രമം ബാസൽ മൾഹൗസ് ഫ്രൈബർഗ് യൂറോഎയർപോർട്ടിലും ബേൺ വിമാനത്താവളത്തിലുമാണ് ലാൻഡു ചെയ്തത്.
പതിനെട്ടാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് അബുദാബിയിൽനിന്ന് ടേക്കോഫു ചെയ്ത, യൂസഫലിയുടെ രണ്ടുകൊല്ലം പഴക്കമുള്ള ഗൾഫ്സ്ട്രീം ജി600 വിമാനം (റജിസ്ട്രേഷൻ T7-YMA) വൈകുന്നേരം 4.51ന് സൂറിച്ചിൽ ലാൻഡു ചെയ്തു. അവിടെനിന്ന് അഞ്ചേകാലിന് പറന്നുയർന്ന്, രാത്രി ഏഴു പത്തിന് ബാസൽ വിമാനത്താവളത്തിലിറങ്ങി. ബാസലിൽ നിന്ന് 235 കിലോമീറ്റർ അകലെയാണ് ദാവോസ്. കാറിൽ പോയാൽ രണ്ടേമുക്കാൽ മണിക്കൂർ.
ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കെന്റിൽ നിന്നാണ് രവി പിള്ള, തിങ്കളാഴ്ച ബേണിലെത്തിയത്. വൈകുന്നേരം 6.56ന് ടേക്കോഫു ചെയ്ത, T7-RAVI എന്ന റജിസ്ട്രേഷനുള്ള, ഒരു കൊല്ലംപോലും പഴക്കമില്ലാത്ത ഗൾഫ്സ്ട്രീം ജി600 വിമാനം, ബേണിൽ ഇറങ്ങുമ്പോൾ രാത്രി 9.08. ബേണിൽ നിന്ന് 269 കിലോമീറ്റർ ദൂരെയുള്ള ദാവോസിലേക്ക് മൂന്നു മണിക്കൂറെടുത്ത് കാറിൽ പോകാം. അല്ലെങ്കിൽ ഹെലികോപ്റ്ററിൽ പറക്കണം.
Tags : Malayali jets Davos Forum