കാലിത്തീറ്റ കുംഭകോണക്കേസ്: ലാലുവിന്‍റെ "വിധി' വ്യാഴാഴ്ച
Wednesday, January 3, 2018 11:45 AM IST
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. അഡ്വ. വിന്ദേശ്വരി പ്രസാദിന്‍റെ നിര്യാണത്തെ തുടർന്നാണ് വിധി പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം ലാലു പ്രസാദ് യാദവിന്‍റെ മകൻ ഉൾപ്പെടെ മൂന്നു പേർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. തേജസ്വി യാദവ്‌, രഘുവംശ് സിംഗ്, മനോജ് ഝാ എന്നിവർക്കാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നോട്ടീസ് അയച്ചത്.

മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസിൽ കോടതി വെറുതെവിട്ടിരുന്നു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മിശ്രയടക്കം കേസിൽ 20 പ്രതികൾ ഉണ്ടായിരുന്നത്.

1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നും 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്.

മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസുകളാണ് ലാലുവിനും കൂട്ടർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പല ട്രഷറിയിൽ നിന്നും പല തവണയായാണ് ഇവർ പണം പിൻവലിച്ചത്.

2013ൽ ആദ്യ കുംഭകോണക്കേസിൽ ലാലുവിന് അഞ്ചു വർഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.