പശുക്കളെ പട്ടിണിക്കിട്ടു കൊന്ന ബിജെപി നേതാവിനു നേരെ മഷി പ്രയോഗം
Sunday, August 20, 2017 2:47 AM IST
റായ്പൂർ: ചത്തീസ്ഗഡിൽ ഇരുന്നോറോളം പശുക്കളെ ഭക്ഷണവും മരുന്നും നൽകാതെ കൊന്നതിന് അറസ്റ്റിലായ ബിജെപി നേതാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കറുത്ത മഷിയിൽ കുളിപ്പിച്ചു. ദുർഗ് ജില്ലയിലെ റാജ്പുരിലെ ബിജെപി നേതാവ് ഹരീഷ് വർമയ്ക്കു നേരെയാണ് മഷി പ്രയോഗമുണ്ടായത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കാനായി ഹരീഷിനെ കൊണ്ടുവരുന്പോൾ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞു നിർത്തി മഷി ഒഴിക്കുകയായിരുന്നു.

കന്നുകാലി സംരക്ഷണ നിയമപ്രകാരം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരീഷ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ 200 പശുക്കളാണ് ചത്തുവീണത്. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 30 പശുക്കൾ മാത്രമാണ് ചത്തത്. എന്നാൽ ഇരുനൂറിലേറെ പശുക്കൾ ചത്തതായി ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നു. ഇവയിൽ ഭൂരിഭാഗത്തേയും പശു സംരക്ഷണ കേന്ദ്രത്തിനു സമീപം കുഴിച്ചുമൂടിയതായും ഗ്രാമീണർ പറയുന്നു.