ഷെയ്ഖ് ഹസീന പാക് സന്ദര്‍ശനം റദ്ദാക്കി
Sunday, November 18, 2012 9:41 AM IST
ധാക്ക: ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പാക്കിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കി. അടുത്ത ദിവസം പാക്കിസ്ഥാനില്‍ നടക്കുന്ന ഡി- 8 അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ ഹസീന വിസമ്മതം പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. 22നാണ് മുസ്ലീം ഭൂരിപക്ഷമുള്ള എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡവലപ്മെന്റ്(ഡി-8) ഉച്ചകോടി നടക്കുന്നത്.

1971ലെ സ്വാതന്ത്യ്ര പോരാട്ടത്തിനിടെ പാക് സൈന്യം കാട്ടിക്കൂട്ടിയ ക്രൂരതകള്‍ക്ക് പാക്കിസ്ഥാന്‍ മാപ്പുപറഞ്ഞാല്‍ മാത്രം ഉച്ചകോടിയില്‍ പങ്കെടുക്കാമെന്നായിരുന്നു ഹസീനയുടെ നിലപാട്. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പാക് സര്‍ക്കാരിനെ അറിയിച്ചതായി ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുദ്ധക്കുറ്റങ്ങള്‍ക്കു പാക്കിസ്ഥാന്‍ മാപ്പുപറയണെന്ന് ബംഗ്ളാദേശ് വിദേശകാര്യമന്ത്രി ദിപു മോനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 1971 സംഭവത്തില്‍ പല സന്ദര്‍ഭങ്ങളില്‍ പല രീതിയില്‍ പാക്കിസ്ഥാന്‍ ഖേദംപ്രകടിപ്പിച്ചിട്ടുണ്െടന്ന് പാക് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് തുന്‍ റസാഖും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ബംഗ്ളാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാന്‍, മലേഷ്യ, നൈജീരിയ, പാക്കിസ്ഥാന്‍, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക വികസന സഖ്യം മെച്ചപ്പെടുത്താനുള്ള ഉച്ചകോടിയാണ് ഡി-8.